ബംഗ്ളാദേശുമായി ഈഡൻ ഗാർഡൻസിൽ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടക്കും
ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് ഇന്ത്യ ആദ്യം, പിന്നിൽ ഗാംഗുലിയുടെ പരിശ്രമം
ഡേ ആൻഡ് നൈറ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ ഇന്ത്യയിലും ഇരുട്ട് മാറി, വെളിച്ചം വന്നു.
കൊൽക്കത്ത : ഏകദിനങ്ങൾ പോലെ പകലും രാത്രിയുമായി ടെസ്റ്റ് മത്സരങ്ങൾ നടത്താൻ ഇന്ത്യയും തീരുമാനിച്ചു. പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ശ്രമഫലമായാണ് പിങ്ക് പന്തിൽ കളിക്കുന്ന ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് ഇന്ത്യ വേദിയാകുന്നത്.
നവംബർ 22 മുതൽ 26 വരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റാണ് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് മാച്ചാവുക.
ബി.സി.സി.ഐ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ തന്നെ ഡേ ആൻഡ് നൈറ്റ് മത്സരങ്ങൾ നടത്തുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ സമവായമുണ്ടാക്കി. നേരത്തെ പിങ്ക് പന്തിൽ കളിക്കാൻ വിസമ്മതിച്ചിരുന്ന ഇന്ത്യൻ ടീം ഗാംഗുലിയുടെ ഇടപെടലോടെ തീരുമാനം മാറ്റി.
ഇതോടെ ഉടൻ തന്നെ നടത്താനായി ഗാംഗുലി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തി. കളിക്കാരുടെ സമരവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെങ്കിലും ബംഗ്ളാ ക്രിക്കറ്റ് ബോർഡ് നിരവധി ചർച്ചകൾക്ക് ശേഷം സമ്മതമറിയിച്ചു. ഇതോടെ ഇന്നലെ ഗാംഗുലി തന്നെ ഇന്ത്യയിൽ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.
വൺഡേ പോലെ വർണാഭമാകാൻ ടെസ്റ്റും
* പരമ്പരാഗതമായി പകൽ വെളിച്ചത്തിൽ ഓരോ ദിവസത്തിലും മൂന്ന് സെഷൻ വീതം അഞ്ച് ദിവസമായാണ് ടെസ്റ്റ് മത്സരങ്ങൾ നടത്തുന്നത്
* ഇതിൽ നിന്ന് വ്യത്യസ്തമായി ഉച്ചയോടെ ആരംഭിച്ച് സൂന്ന് സെഷനുകളായി രാത്രി അവസാനിക്കുന്ന രീതിയിലാണ് ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
* സ്ഥിരം ലഞ്ച്, ടീ ഇടവേളകൾ ഇല്ലാതെയാകും. പകരം അത്താഴ ഇടവേള വരും.
* ഫ്ളഡ് ലിറ്റിൽ കൂടുതൽ വ്യക്തമായി കാണാനായി പിങ്ക് നിറത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്.
2000 മുതൽ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് മത്സരങ്ങൾ ഫ്ളഡ് ലിറ്റിൽ നടത്താൻ തുടങ്ങിയിരുന്നു കരീബിയൻ മണ്ണിൽ ഗയാനയും ട്രിനിഡാഡ്ആൻഡ് ടുബാഗോയുമാണ് ആദ്യമായി ഫ്ളഡ്ലിറ്റ് ഫസ്റ്റ്ക്ളാസ് മത്സരം കളിച്ചത്.
2013-14ൽ ആസ്ട്രേലിയയിലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ പിങ്ക് ബാൾ പരീക്ഷിച്ചു.
2014/15ൽ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ അഡ്ലെയ്സിൽ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് നടന്നു.
2016ൽ കൊൽക്കത്തയിൽ ബംഗാൾ സൂപ്പർ ലീഗിൽ ഒരു മത്സരം പകലും രാത്രിയുമായി നടത്തിയിരുന്നു.
2016ൽ ബി.സി.സി.ഐ ഗ്രേറ്റർ നോയ്ഡയിൽ ദുലീപ് ട്രോഫി ഡേ ആൻഡ് നൈറ്റായി നടത്തി പരീക്ഷിച്ചു. എന്നാൽ കളിക്കാരും ഒഫിഷ്യൽസും തൃപ്തരാകാതിരുന്നതോടെ ഇന്ത്യയിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് വേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചു
1997ലെ രഞ്ജി ട്രോഫി ഫൈനൽ ഗ്വാളിയറിൽ വച്ച് പകലും രാത്രിയുമായാണ് നടത്തിയിരുന്നത് എന്നാൽ, പിങ്ക് പന്തായിരുന്നില്ല ഉപയോഗിച്ചിരുന്നത്. അതിനാൽ ഡേ ആൻഡ് നൈറ്റ് ഫസ്റ്റ് ക്ളാസ് മത്സരമായി കണക്കാക്കാൻ ഔദ്യോഗികമായി കഴിയില്ല.
11 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ ഡേ ആൻഡ് നൈറ്റായി നടത്തിയിട്ടുള്ളത്.
വെല്ലുവിളികൾ
* ബൗണ്ടറി ലൈനിനരികിൽ പിങ്ക് പന്തുകൾ ക്യാച്ചെടുക്കുക ദുഷ്കരമാണെന്നാണ് ഇന്ത്യൻ താരങ്ങളുടെ പ്രധാന പരാതി.
* ഒട്ടുമിക്ക രാജ്യങ്ങളും പിങ്ക് പന്തിൽ ടെസ്റ്റ് കളിച്ചിട്ടും അതിലേക്ക് മാറാത്ത രാജ്യങ്ങളുണ്ട്. ഇന്ത്യയും ബംഗ്ളാദേശും. പരിചയക്കുറവ് ഇരുടീമുകൾക്കും പ്രശ്നമാണ്.
* ഇന്ത്യയിൽ സ്ഥിരമായി ടെസ്റ്റിന് ഉപയോഗിക്കുന്ന എസ്.ജിയുടെ പിങ്ക് ബാളിന് ഗുണനിലവാരം കുറവാണെന്ന് പരാതിയുണ്ട്.
* ആസ്ട്രേലിയയിലെയോ ഇംഗ്ളണ്ടിലെയോ പോലെ സോഫ്ടല്ല ഇന്ത്യൻ ഗ്രൗണ്ടുകളും പിച്ചും. ഇത് പിങ്ക് ബാളിനെ പെട്ടെന്ന് ദുർബലമാക്കും.