തിരുവനന്തപുരം : ശബരിമല വിർച്വൽ ക്യൂ ബുക്കിംഗിനുള്ള നവീകരിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ടോമിൻ ജെ. തച്ചങ്കരി, ഷേക്ക് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജിമാരായ എം.ആർ. അജിത് കുമാർ, ബൽറാംകുമാർ ഉപാദ്ധ്യായ തുടങ്ങിയവർ പങ്കെടുത്തു.
ദേവസ്വം സേവനങ്ങൾ ഉൾപ്പെടെയുള്ള വിർച്വൽ ക്യൂ ബുക്കിംഗ്, ശരംകുത്തി വഴിയുള്ള പരമ്പരാഗത പാതയിലൂടെയുള്ള നോർമൽ ക്യൂ ബുക്കിംഗ് എന്നിങ്ങനെ രണ്ട് രീതിയിൽ ലഭ്യമാണ്.
സർക്കാരിനു വേണ്ടി ടാറ്റാ കൺസൾട്ടൻസി സർവീസ് കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിംഗ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ www.sabarimalaonline.org എന്ന വെബ് പോർട്ടലിൽ നിന്നും 7025800100 എന്ന ഹെൽപ്പ് ലൈൻ നമ്പരിലും ലഭിക്കും.