cpi

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ മൂന്ന് സീറ്റിലുണ്ടായ വിജയം സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിന്റെ വിലയിരുത്തൽ. പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥിതി മാറി ഉപതിരഞ്ഞെടുപ്പായതോടെ ജനങ്ങൾ സർക്കാരിന് അനുകൂലമായെന്ന് ഇന്നലെ ആരംഭിച്ച കൗൺസിൽ യോഗത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അരൂർ, എറണാകുളം മണ്ഡലങ്ങളിലെ തോൽവി താഴെത്തട്ടിലടക്കം പരിശോധിക്കണം.

വട്ടിയൂർക്കാവിൽ ഒരു സമുദായനേതൃത്വം എൽ.ഡി.എഫിനെ തോല്പിക്കാൻ എല്ലാ ശ്രമവും നടത്തിയെങ്കിലും നടന്നില്ല. ജാതി, മത ശക്തികൾക്ക് സമൂഹത്തിൽ വലിയ പ്രാധാന്യമില്ലെന്ന് തെളിയിക്കുന്നതാണിത്. സ്ഥാനാർത്ഥിയുടെ ജനപിന്തുണയും വിജയത്തിന് അടിസ്ഥാനമായി. ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നവരെ അവർ കൈവിടില്ലെന്നതിന്റെ തെളിവാണീ വിജയം.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ അരൂരിൽ പിറകിൽ പോയിട്ടും ഉപതിരഞ്ഞെടുപ്പിനായി വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് ശേഷം റിപ്പോർട്ടിന്മേൽ ചർച്ച ആരംഭിച്ചു. ഇന്ന് യോഗം സമാപിക്കും.