ന്യൂഡൽഹി : പരിക്കു കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താൻ ഉടൻ തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ യുവ പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ജിംനേഷ്യയിൽ പരിശീലനം നടത്തുന്ന ചിത്രത്തിനൊപ്പം കമിംഗ് സൂൺ എന്ന് ട്വീറ്റ് ചെയ്താണ് ബുംറ മടങ്ങിവരവിന്റെ സൂചനകൾ നൽകിയത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാണ് ബുംറ പരിക്കിന്റെ പിടിയിലായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചിരുന്നില്ല. ബംഗ്ളാദേശിനെതിരായ ട്വന്റി 20 ടെസ്റ്റ് പരമ്പരകൾക്കുള്ള ടീമിലും ബുംറയെ ഉൾപ്പെടുത്തിയിട്ടില്ല. വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലൂടെയാകും താരത്തിന്റെ തിരിച്ചുവരവ് എന്നാണ് കരുതുന്നത്.
കാരേയ് എ ടീം ക്യാപ്ടൻ
സിഡ്നി : പാകിസ്ഥാനെതിരായ ത്രിദിന സന്നാഹ മത്സരത്തിനുള്ള ആസ്ട്രേലിയൻ എ ടീമിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരേ നയിക്കും. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ കാരേയ്ക്ക് അവസരം നൽകുമെന്നതിന്റെ സൂചനയാണ് എ ടീം ക്യാപ്ടൻ പദവി. ഏകദിന, ട്വന്റി-20 വൈസ് ക്യാപ്ടനായ കാരേയെ ക്യാപ്ടൻ ടിം പെയ്ൻ വിക്കറ്റ് കീപ്പറായുള്ളതിനാൽ ടെസ്റ്റ് ടീമിലേക്ക് ഇതുവരെ പരിഗണിച്ചിരുന്നില്ല. ജോബേൺസ്, മാർക്കസ് ഹാരിസ്, ഉസ്മാൻ ഖ്വാജ തുടങ്ങിയവരും സീനിയർ ടീമിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിക്കാൻ എ ടീമിൽ കളിക്കാനിറങ്ങും.
റിബറിക്ക് വിലക്ക്
മിലൻ : ഇറ്റാലിയൻ ഫുട്ബാൾ ക്ളബ് ഫിയോറന്റീനയ്ക്കു വേണ്ടി കളിക്കുന്ന ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയെ അസിസ്റ്റന്റ് റഫറിയുമായി കോർത്തതിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി. സെരി എയിൽ കഴിഞ്ഞയാഴ്ച ലാസിയോയ്ക്ക് എതിരെ നടന്ന മത്സരത്തിലായിരുന്നു അനിഷ്ട സംഭവങ്ങൾ. റഫറിയെ പിടിച്ചുതള്ളിയ റിബറിയെ ചുവപ്പുകാർഡ് നൽകി പുറത്താക്കിയിരുന്നു. 20000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.
ജോഷ്‌ന ക്വാർട്ടറിൽ പുറത്ത്
കെയ്റോ : ഇന്ത്യൻ വനിതാ താരം ജോഷ്‌ന ചിന്നപ്പ ലോക സ്ക്വാഷ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പുറത്തായി. ലോക രണ്ടാം റാങ്കുകാരിയായ ഈജിപ്ഷ്യൻ സുന്ദരി നൂർ അൽ ഷെർബിനിയാണ് നേരിട്ടുള്ള സെറ്റുകൾക്ക് ജോഷ്‌നയെ കീഴടക്കിയത്. നിലവിലെ ലോകചാമ്പ്യനായ ഷെർബിനി 11-5, 11-3 11-6 എന്ന സ്കോറിനാണ് ജോഷ്‌നയെ തോൽപ്പിച്ചത്. ഷെർബിനിക്കെതിരെ ജോഷ്‌നയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.