kovalam

കോവളം: പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് പാതിവഴിയിലായ കോവളം ​- ബേക്കൽ ജലപാത പദ്ധതിക്ക് പനത്തുറയിൽ പുതുജീവൻ. ജില്ലാ കളക്ടർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ പനത്തുറ ഭാഗത്ത് പാർവതി പുത്തനാറിന്റെ 200 മീറ്ററോളം തുറക്കാനുള്ള ശ്രമം വിജയകരമായി. പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്നാണ് പദ്ധതി ആദ്യം തടസപ്പെട്ടത്. പാർവതിപുത്തനാറിന്റെ തുടക്കം കോവളം സമുദ്രാബീച്ചിന്റെ വടക്കുഭാഗത്തു നിന്നാണ്. ശുചീകരണം തുടങ്ങണമെങ്കിൽ പനത്തുറയിൽ അടഞ്ഞുകിടക്കുന്ന പാർവതിപുത്തനാറിന്റെ ഭാഗം തുറക്കണമായിരുന്നു. നാട്ടുകാരുമായി നടത്തിയ ധാരണയിൽ കടൽ ഭിത്തിയിൽ നിന്ന് 35 മീറ്റർ മാറി 29 മീറ്റർ വീതിയിൽ ജലപാതയും ഇതോടൊപ്പം 5 മീറ്റർ വീതിയിൽ റോഡും ഉണ്ടാകും. ഗാബിയോൺ ബോക്സുകൾ നിർമ്മിച്ച് ജലപാതയുടെ സൈഡുകൾ ബലപ്പെടുത്തും. പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഭജനമഠവും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഹൈഡ്രോളിക് പാലം നിർമ്മിക്കുന്നത്. കോവളം, പനത്തുറ, ​തിരുവല്ലം, ഇടയാർ വഴി ​ മൂന്നാറ്റുമുക്ക്, ​മുട്ടത്തറ, വള്ളക്കടവ്, ചാക്ക, കരിക്കകം, വേളി കായൽ​ തുടർന്ന് ആക്കുളം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ജലപാത നവീകരിക്കുന്നത്. ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, തഹസിൽദാർ പത്മേന്ദ്രക്കുറുപ്പ്, ഉൾനാടൻ ജലഗതാഗതവകുപ്പ് ഇ.ഇ.ജോയി ജനാർദ്ദനൻ, എ.എക്സ്.ഇ ബിന്ദു, ധീവരസഭ ജില്ലാ പ്രസി​​ഡന്റ് പനത്തുറ ബൈജു, പനത്തുറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം രക്ഷാധികാരി ബി. സുധർമ്മൻ, ധീവരസഭ കരയോഗം സെക്രട്ടറി തൃദിപ് കുമാർ, ട്രഷറർ കെ. ശിശുപാലൻ, ഇറിഗേഷൻ, പി.ഡബ്ളിയു.ഡി ടൂറിസം, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

പദ്ധതി ചെലവ്....150 കോടി

ജലപാതയ്ക്ക് വേണ്ട വീതി....25 മീറ്റർ(സ്റ്റേറ്റ്) 40 മീറ്റർ സെൻട്രൽ
 നിലവിലെ വീതി..... 5 - 20 മീറ്റർ വരെ
 ഒന്നാം ഘട്ടം 2020 ൽ പൂർത്തിയാകും

കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് ശുചീകരണം നടത്തുക
ആദ്യം ശുചീകരിക്കുന്നത് - കോവളം മുതൽ ആക്കുളം ബോട്ട് ജെട്ടി വരെയുള്ള 16.5 കിലോമീറ്റർ
രണ്ടാം ഘട്ടം: -ആക്കുളം മുതൽ കൊല്ലം വരെയുള്ള ടി.എസ് കനാലിന്റെ വീതികൂട്ടലും നവീകരണ പ്രവർത്തനവും

പുത്തനാറിന്റെ ഇരുകരകളിലുള്ള വീടുകളിലെ മാലിന്യം ആറ്റിലേക്ക് പതിക്കാതിരിക്കാൻ ഓടകൾ പണിയും. പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ച് മുട്ടത്തറ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് എത്തിക്കും. കടലിൽ പുലിമുട്ട് നിർമ്മിക്കാനും കടൽഭിത്തി ബലപ്പെടുത്തുന്നതിനും മേജർ ഇറിഗേഷൻ വിഭാഗത്തിന് ശുപാർശ ചെയ്യും.

- ശുഭലക്ഷ്മി, ഉൾനാടൻ ജലഗതാഗതവകുപ്പ് ഡയറക്ടർ