04

പോത്തൻകോട്: ഒറ്റയ്ക്ക് താമസച്ചിരുന്ന മദ്ധ്യവസ്കയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കരിപ്പൂര് വാണ്ടയിക്കോണത്ത്‌ താമസിക്കുന്ന ഉഴമലയ്ക്കൽ പുതുക്കുളങ്ങര അഫ്സൽ മൻസിലിൽ നൗഷാദാണ് (38) പിടിയിലായത്. വട്ടപ്പാറ വേങ്കോട് ജംഗ്‌ഷന് സമീപത്തെ വീട്ടിൽ തിങ്കളാഴ്ച രാത്രി 11.45 നായിരുന്നു സംഭവം. വീടിന്റെ പിറകിലത്തെ വാതിൽ തകർത്ത് അകത്തുകടന്ന പ്രതി തന്റെ കൈയിൽ കരുതിയിരുന്ന പെട്രോൾ സ്ത്രീയുടെ ദേഹത്ത് ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. യുവാവിന്റെ പരാക്രമത്തിൽ പേടിച്ച് സ്ത്രീ നിലവിളിച്ചു. ഇതുകേട്ട് സമീപവാസികൾ ഓടികൂടുന്നതിനിടെ സംഭവം നൈറ്റ് പട്രോളിംഗിന്റെ ഭാഗമായി അതുവഴി വന്ന വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വിജയന്റെയും സുധീറിന്റെയും ശ്രദ്ധയിൽ പെടുകയായിരുന്നു. പൊലീസുകാരെത്തി പ്രതിയെ ബലമായി പിടികൂടി സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തന്റെ ഇംഗിതത്തിന് സ്ത്രീ വഴങ്ങാത്തതിനെ തുടർന്നാണ് യുവാവ് അക്രമത്തിന് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്ന അവിവാഹിതനായ നൗഷാദ് വേങ്കോട് ജംഗ്‌ഷന് സമീപം ഹോട്ടൽ നടത്തിവരികയാണ്. വട്ടപ്പാറ സി.ഐ സിജു കെ.എൽ.നായർ, എസ്.ഐ ജെ.എസ്.അശ്വനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.