തിരുവനന്തപുരം : കുന്നുകുഴി അറവുശാലയുടെ നവീകരണ പദ്ധതി റീ ടെൻഡർ ചെയ്യാൻ ഇന്നലെ ചേർന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് (കെൽ) കമ്പനി ലിമിറ്റഡ് കരാർ ഏറ്റെടുത്തിരുന്നെങ്കിലും ആകെ ചെലവിന്റെ പകുതി മുൻകൂറായി ആവശ്യപ്പെട്ടു. പണം നൽകുന്നതിനായി നഗരസഭ അനുമതി തേടി. രണ്ടര മാസം പിന്നിട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ടെൻഡർ അവസാനിപ്പിച്ച് റീടെൻഡറിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഇതോടെ മൂന്നാം വട്ടമാണ് അറവുശാല നവീകരണത്തിനായി ടെൻഡർ വിളിക്കുന്നത്. ആദ്യ ടെൻഡറിൽ കെൽ മാത്രമാണുണ്ടായിരുന്നത്. ഒരു സ്ഥാപനം മാത്രമായതിനാൽ വീണ്ടും ടെൻഡർ വിളിച്ചു. അതിലും കെൽ മാത്രമാണ് എത്തിയത്. നിലവിലെ കെട്ടിടത്തെ നിലനിറുത്തി 9.58 കോടി രൂപയ്ക്കാണ് അറവുശാല നവീകരിക്കുന്നത്. ഒരു ദിവസം 100 ചെറുമൃഗങ്ങളെയും 50 വലിയ മൃഗങ്ങളെയും കശാപ്പുചെയ്യാനുള്ള സൗകര്യമാണ് പുതിയ ആധുനിക അറവ് ശാലയിൽ ഉണ്ടാവുക. കൂടാതെ എല്ലാ മാലിന്യങ്ങളും ആധുനിക രീതിയിൽ സംസ്‌കരിക്കാനുള്ള സൗകര്യവും ഉണ്ടാകും. മാസ്റ്റർ പ്ലാനിന്റെ നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ഇതിനുള്ള നടപടികൾക്കായി സ്ഥിരം സമിതി അദ്ധ്യക്ഷൻ പാളയം രാജനെ ചുമതലപ്പെടുത്തി.