തിരുവനന്തപുരം:എറണാകുളം ലാത്തിച്ചാർജ്ജ് വിവാദത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശനം. ലാത്തിച്ചാർജ്ജിനെ പരസ്യമായി വിമർശിക്കാൻ സെക്രട്ടറി തയ്യാറായില്ലെന്ന് ജില്ലയുടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യവേ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു വിമർശിച്ചതിന്റെ ചുവടുപിടിച്ചാണ് പലരും കാനത്തിനെതിരെ നിലപാടെടുത്തത്. സംസാരിച്ച 30 പേരിൽ ഭൂരിഭാഗവും ഈ നിലപാടെടുത്തു.
എന്നാൽ ലാത്തിച്ചാർജ്ജും തുടർ സംഭവങ്ങളും കൈകാര്യം ചെയ്ത രീതിക്കെതിരെ എറണാകുളം ജില്ലാനേതൃത്വത്തെയും ചിലർ കുറ്റപ്പെടുത്തി. എറണാകുളത്ത് നിന്നുള്ള വാർത്തകൾ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും അഭിപ്രായമുയർന്നു. തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജ് അടക്കമുള്ളവർ കാനത്തിന്റെ നിലപാടുകളെ വിമർശിച്ചു. പാർട്ടി പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടല്ല സെക്രട്ടറിയിൽ നിന്ന് ഉണ്ടായതെന്നായിരുന്നു ആക്ഷേപം.
അരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയെ അവഗണിച്ചെന്ന്, തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ ചിലർ ചൂണ്ടിക്കാട്ടി. സി.പി.എമ്മിനൊപ്പം അവിടെ സംഘടനാശേഷിയുള്ള സി.പി.ഐയെ ഒഴിവാക്കിയായിരുന്നു പ്രചരണം. വനിതാസംഘടനകളുടെ പ്രവർത്തനമെല്ലാം സി.പി.എം തനിച്ച് സംഘടിപ്പിച്ചെന്ന് എൽ.ഡി.എഫിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന ഉത്തമൻ പറഞ്ഞു. ഇടതുവോട്ടുകൾ ചോർന്നതാണ് അരൂരിലെ തോൽവിക്ക് കാരണമെന്നും സ്ഥാനാർത്ഥി മോഹികളുടെ എണ്ണം സി.പി.എമ്മിൽ കൂടുതലായിരുന്നുവെന്നും വിമർശനമുണ്ടായി. സ്ഥാനാർത്ഥി മോഹികളായിരുന്ന പലർക്കുമായിരുന്നു മേഖലാ ചുമതല. അത് പ്രവർത്തനത്തെ ബാധിച്ചു.
ഇന്ന് ചർച്ചയ്ക്കുള്ള മറുപടിയോടെ കൗൺസിൽ സമാപിക്കും.