നിലമാമൂട് : കുന്നത്തുകാൽ പഞ്ചായത്തിൽ എള്ളുവിള വാർഡിലെ പ്ളാങ്കുന്നത്ത് ബേക്കറിയുടെ ബോർഡ് സ്ഥാപിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത കശാപ്പുശാല പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. പ്ളാങ്കുളം മെയിൻ റോഡിന്റെ കരയിൽ അമൽ ബേക്കറി എന്ന ബോർഡ് സ്ഥാപിച്ചാണ് മാടുകളെ കശാപ്പ് ചെയ്തിരുന്നത്. തമിഴ്നാട്ടിൽ നിന്നും ദിവസേന ഇരുപതോളം മാടുകളെ ഇവിടെയെത്തിച്ച് രാത്രിയിൽ ഇറച്ചിയാക്കി വിറ്റിരുന്നതായും ഈ കശാപ്പുശാലയ്ക്ക് പഞ്ചായത്തിൽ നിന്നുള്ള ലൈസൻസോ ആരോഗ്യ വകുപ്പിൽ നിന്നുള്ള രേഖകളോ ഇല്ലെന്നും നാട്ടുകാർ പരാതി നൽകിയിരുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പും അന്വേഷിച്ചതിൽ അനധികൃത കശാപ്പുശാല പ്രവർത്തിക്കുന്നതായും മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഉള്ള സംവിധാനമോ കശാപ്പിനുള്ള മൃഗങ്ങളെ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല എന്നും കണ്ടെത്തിയതിനെത്തുടർന്ന് അറവുശാല പ്രവർത്തിക്കാൻ പാടില്ല ഇന്ന് രേഖാമൂലം നോട്ടീസ് നൽകി. വെള്ളറട പൊലീസ് കേസെടുത്തു.