tvm

തിരുവനന്തപുരം: വി.കെ. പ്രശാന്ത് രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്ര കൗൺസിലറെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ശ്രമത്തിന് തിരിച്ചടി. നഗരസഭയിലെ ഏക സ്വതന്ത്ര കൗൺസിലറായ ശ്രീകാര്യത്തെ എൻ.എസ്. ലതകുമാരിയെ രംഗത്തിറക്കി പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് പിന്തുണയ്ക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ലതകുമാരിയോട് മത്സരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കാനാണ് ലതകുമാരിയുടെ തീരുമാനം. കഴിഞ്ഞ നാലുവർഷവും കൗൺസിലിൽ എൽ.ഡി.എഫിനൊപ്പമായിരുന്നു ലതകുമാരി. ഇതോടെ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഇരുപക്ഷവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്തിയാണ് എ.കെ.ജി ക്ലബിന്റെ ബാനറിൽ മത്സരിച്ച ലതകുമാരി കൗൺസിലിലെത്തിയത്. ഇതിനിടെ എൽ.ഡി.എഫ് ഘടക കക്ഷികളിലെ ചിലരുമായി പ്രതിപക്ഷം ചർച്ച നടത്തിയെന്നാണ് വിവരം. അതേസമയം എൽ.ഡി.എഫ് ഘടകകക്ഷികൾ പ്രതിപക്ഷത്തിനൊപ്പം ചർച്ചയ്ക്കുപോലും തയ്യാറാകില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മേയർ സ്ഥാനാർത്ഥിയെക്കുറിച്ച് അനാവശ്യ ചർച്ചകൾ വേണ്ടെന്നാണ് പാർട്ടി തീരുമാനം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. മേയർ സ്ഥാനം നിലനിറുത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസവും നേതൃത്വത്തിനുണ്ട്. ബി.ജെ.പി പിന്തുണയോടെ മേയർ സ്ഥാനത്തേക്ക് യു.ഡി.എഫ് കൗൺസിലർമാർ ആരും മത്സരിക്കേണ്ടതില്ലെന്നാണ് ഡി.സി.സി തീരുമാനം. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തയ്യാറുള്ളവരെ പിന്തുണയ്‌ക്കും.