ഉള്ളൂർ: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന്റെ മാല കവർന്നു. മെഡിക്കൽ കോളേജ് പി.ടി ചാക്കോ നഗറിലെ ഫ്ലാറ്റിലെ താമസക്കാരി പ്രസന്നകുമാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്.ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് - ഉള്ളൂർ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറി പൂട്ടിയശേഷം പ്രസന്നകുമാരി വീട്ടിലേക്ക് നടന്നു പോകവെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് ഇരുട്ടിൽ മറയുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ക്ഷേത്രത്തിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ മോഷണവും അക്രമവും വർദ്ധിക്കുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്.