
തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായ പതിനഞ്ചുകാരിയ്ക്ക് ആത്മഹത്യാശ്രമത്തിനിടെ ഗുരുതര പൊള്ളൽ. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ തിരുമലയിലായിരുന്നു സംഭവം. ചപ്പാത്തികല്ല് വിൽക്കാനായി ഡൽഹിയിൽ നിന്നെത്തിയ നാടോടി സംഘത്തിലെ അംഗമാണ് പെൺകുട്ടി.
കച്ചവടം കഴിഞ്ഞ് അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം ടെന്റിൽ കഴിയുകയായിരുന്ന പെൺകുട്ടി കുടുംബാംഗങ്ങൾ ഉറങ്ങാൻ കിടന്നശേഷം കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ശരീരത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രത്തിൽ തീപടർന്നതോടെ പെൺകുട്ടി നിലവിളിക്കുന്നത് കേട്ട് അച്ഛനമ്മമാരും സഹോദരങ്ങളും ഉണർന്ന് ടെന്റിനുള്ളിൽ സൂക്ഷിച്ചിരുന്ന വെള്ളം ഉപയോഗിച്ച് തീ കെടുത്തി. ഇവരുടെ കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരും നാട്ടുകാരും വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് പെൺകുട്ടിയെ ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പൊള്ളൽ ഗുരുതരമായതിനാൽ ഉടൻ ബേൺസ് ഐ.സിയുവിലേക്ക് മാറ്റി.
തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇളയച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായത്. മാസങ്ങളായി ഇളയച്ഛന്റെ പീഡനത്തിനിരയാകേണ്ടിവന്നത് പെൺകുട്ടി മാനസികമായി തകർത്തതായി അവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കളുടെ മൊഴിപ്രകാരം പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രാത്രിയിൽ തന്നെ വിവരം മജിസ്ട്രേറ്റിന് കൈമാറി.
തുടർന്ന് അർദ്ധരാത്രിയോടെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് ഇളയച്ഛനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൂജപ്പുര പൊലീസ് അറിയിച്ചു. കച്ചവടത്തിനായി തിരുമലയിലെത്തും മുമ്പാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഇളയച്ഛനായി അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പൊലീസ് അറിയിച്ചു.