ratoinkada

പൂവാർ: പൊതുവിതരണ സമ്പ്രദായം നിലനിറുത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ റേഷൻകടകൾ അടച്ചു കൊണ്ട് പ്രതിഷേധ സമരം നടത്തും. പൊതുവിതരണ സമ്പ്രദായം തകർക്കുന്ന നിലയിൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യവിഹിതവും മണ്ണെണ്ണയും പുനഃസ്ഥാപിക്കുക, അർഹതപ്പെട്ട മുഴുവൻ കാർഡ് ഉടമകളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം പിടിച്ചു നിറുത്താൻ ആവശ്യസാധനങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, ലൈസൻസികളെയും സെയിൽസ്മാൻമാരെയും പങ്കെടുപ്പിച്ചു കൊണ്ട് നാളെ രാജ്ഭവൻ മാർച്ചും നടത്തും. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങളിൽ നിന്നും ഒരു കോടി ഒപ്പ് ശേഖരിച്ച് ഡിസംബറിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നും പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അസോസിയേഷൻ ഭാരവാഹികളായ തിരുപുറം ശ്രീകുമാർ, മംഗലത്തുകോണം മോഹൻ, ഉച്ചക്കട ശശികുമാർ, ജോൺ,ബാബു ചന്ദ്രനാഥ്, പൊഴിയൂർ ആന്റണി, എൻ.കെ.അനിൽകുമാർ എന്നിവർ അറിയിച്ചു.