solla-

ലണ്ടൻ: എല്ലാവരുടേയും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന മോഹമാണ് കോടീശ്വരനാകണമെന്ന്. കോടീശ്വരനായില്ലെങ്കിലും വേണ്ടില്ല, കാര്യമായ വരുമാനത്തോടെ എല്ലാവിധ സുഖസൗകര്യത്തോടെ ജീവിക്കാൻ കഴിയണമെന്നും പലർക്കും തോന്നും. അതിനായി പലവഴികളും തേടും. ലോട്ടറി പരീക്ഷണംമുതലുള്ള എല്ലാ ഭാഗ്യാന്വേഷണ വഴികളും അതിനായി തിരഞ്ഞെടുക്കുകയും ചെയ്യും. എപ്പോഴാണ് ഭാഗ്യദേവത കടാക്ഷിക്കുകയെന്ന് അറിയില്ലല്ലോ.. കഠിന പ്രയത്നത്തിലൂടെ കോടീശ്വരന്മാരായവരുടെ നിരവധി കഥകളും നമ്മുടെ മുന്നിലുണ്ട്.എന്നാൽ, സോഷ്യൽ മീഡിയയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കോടീശ്വരിയായതിന്റെ കഥയാണ് 29കാരിയായ സോല്ലയുടേത്! ആരാണീ സോല്ല എന്നല്ലേ..? ഇംഗ്ലണ്ടിൽ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും അധികം വരുമാനം നേടുന്ന യുവതി. 4.7 ദശലക്ഷം പൗണ്ടിന്റെ ആസ്‌തിയാണ് സോല്ല ഇതുവഴി നേടിയത്. ഹീറ്റ് മാഗസിൻ പുറത്തിറക്കിയ പട്ടിക പ്രകാരം ഇംഗ്ലണ്ടിൽ സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം വരുമാനമുള്ള മുപ്പതോ അതിൽ താഴെയോ ഉള്ളവരിൽ ഒന്നാം സ്ഥാനത്താണ് ഈ സുന്ദരിക്കുട്ടി.

സോ എലിസബത്ത് സഗ്ഗ് എന്നാണ് ബ്രിംഗ്ടൺ സ്വദേശിനിയായ സോല്ലയുടെ മുഴുവൻ പേര്. സോല്ലയുടെ യൂ ട്യൂബ് ചാനലുകൾക്കും ബ്ലോഗുകൾക്കും നിരവധി ആരാധകരാണുള്ളത്. യൂ ട്യൂബിലെ രണ്ട് ലൈഫ് സ്‌റ്റൈൽ ചാനലുകൾ വഴി പ്രതിവർഷം 600,000 പൗണ്ടാണ് സോല്ലയുടെ കൈയിലെത്തുന്നത്. യൂ ട്യൂബർ എന്നതിലുപരി ബ്ലോഗറും എഴുത്തുകാരിയും, ബിസിനസ് സംരഭകയുമാണ് സോല്ല.

2009ൽ ഒരു ഇന്റീരിയർ ഡിസൈനിംഗ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് 'സോല്ല ' എന്ന പേരിൽ അവർ തന്റെ ബ്ലോഗ് ആരംഭിക്കുന്നത്. ആ വർഷം അവസാനിക്കുമ്പോൾ ആയിരക്കണക്കിന് പേർ സോല്ലയുടെ ഫോളേവേഴ്സ് ആയിക്കഴി‌ഞ്ഞിരുന്നു. 2015 ആയപ്പോഴേക്കും 540 ദശലക്ഷം പേരാണ് ബ്ലോഗിലെ സന്ദർശകരായി മാറിയത്. 2009ൽ തന്നെയാണ് യൂ ട്യൂബ് ചാനലും ആരംഭിച്ചത്.

വളരെ വേഗത്തിലായിരുന്നു സോല്ലയുടെ വളർച്ച. സൗന്ദര്യം, ആരോഗ്യം, ലൈഫ് സ്‌റ്റൈൽ തുടങ്ങി മാനസിക ആരോഗ്യം വരെയുള്ള വിഷയങ്ങൾ സോല്ല തന്റെ ചാനലിലൂടെ ചർച്ച ചെയ്യുന്നുണ്ട്. യൂ ട്യൂബിലൂടെയും ബ്ലോഗിലൂടെയും വരുമാനം വർദ്ധിച്ചതോടെ സോല്ല ഇംഗ്ലണ്ടിലെ സ്‌റ്റാ‌ർ ആയി മാറി. സിനിമാ താരങ്ങൾക്ക് കിട്ടുന്ന പരിഗണന സോല്ലയെയും തേടിയെത്തി. നിരവധി പരിപാടികളുടെ അംബാസിഡറായ സോല്ല അവാർഡുകളും വാരിക്കൂട്ടി.

തന്റെ വീഡിയോകൾ പച്ച പിടിച്ചപ്പോൾ തന്നെ ബിസിനസിലേക്കും സോല്ല കടന്നിരുന്നു. 2014ൽ 'സോല്ല ബ്യൂട്ടി ' എന്ന പേരിൽ സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ ബ്രാൻഡ് തുടങ്ങി. കൂടാതെ ലൈഫ് സ്റ്റൈൽ, പെർഫ്യൂം ക്രീമുകൾ തുടങ്ങിയ മേഖലയിലും സോല്ല ബിസിനസ് പങ്കാളിയായി. വെറും പത്തു വർഷം കൊണ്ട് കോടീശ്വരിയായി മാറിയ സോല്ലയുടെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തി.

11.6 ദശലക്ഷം പേരാണ് ഇപ്പോൾ സോല്ലയുടെ പ്രധാന യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്‌തിരിക്കുന്നത്. 2014ൽ 'ഗേൾ ഓൺലൈൻ ' എന്ന പേരിൽ ഒരു നോവൽ സോല്ല പുറത്തിറക്കിയിരുന്നു. തുടക്കക്കാരിയായിരുന്നെങ്കിലും നോവൽ പുറത്തിറങ്ങി ആദ്യ ആഴ്‌ചയിൽ തന്നെ ഗംഭീര കളക്ഷൻ വാരിക്കൂട്ടി സോല്ല റെക്കാ‌‌ഡ് സൃഷ്‌ടിച്ചു. സോല്ലയുടെ ഇളയ സഹോദരൻ ജോ യൂ ട്യൂബറും എഴുത്തുകാരനും നടനും കൂടിയാണ്. ഇരുവരും ചേർന്ന് കാൻസർ ചികിത്സാ ട്രസ്‌റ്റും സാമൂഹ്യപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.