തിരുവനന്തപുരം: കരമന കാലടിയിലെ കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായരും കൂട്ടാളികളും ചേർന്ന് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഒരു ഡിവൈ.എസ്.പിയും കുരുക്കിൽ. കൂടത്തിൽ വീട്ടിലെ ഭൂമി രവീന്ദ്രൻ നായരിൽ നിന്ന് ഡിവൈ.എസ്.പി ചുളുവിലയ്ക്ക് വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ തേടുകയാണ് പൊലീസ്. വിലയ്ക്ക് വാങ്ങിയതാണെങ്കിലും കുറഞ്ഞവിലയ്ക്ക് ഭൂമി സ്വന്തമാക്കിയതാണ് ഡി.വൈ.എസ്.പിയെ വെട്ടിലാക്കിയതെന്നാണ് വിവരം. കൂടത്തിൽ വീടിന്റെ വകയായിരുന്ന നേമത്തെ വസ്തുവിൽ നിന്ന് 7.5 സെന്റ് സ്ഥലമാണ് ഡിവൈ.എസ്.പി വാങ്ങിയത്. രവീന്ദ്രൻ നായർ തെറ്റിദ്ധരിപ്പിച്ച് ഡിവൈ.എസ്.പിക്ക് ഭൂമി വിറ്റതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
നഗരത്തിലെ പല സ്റ്റേഷനുകളിലും സി.ഐയായി ജോലി നോക്കുകയും അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച് ഡിവൈ.എസ്.പിയാകുകയും ചെയ്ത ഓഫീസറാണിത്. കേസിൽ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിനെ എതിർകക്ഷിയാക്കി കൂടത്തിൽ തറവാട്ടിൽ ഏറ്റവും അവസാനം മരണപ്പെട്ട ജയമാധവൻ നായരും കുടുംബാംഗങ്ങളും പരാതി നൽകുകയും പിന്നീട് അദാലത്തിലൂടെ തീർപ്പാക്കുകയും ചെയ്തശേഷം ഭാഗം വച്ചതിൽപ്പെട്ട സ്ഥലമാണിത്. 2013ൽ നൽകിയ ഈ പരാതി തന്നെ സംശയത്തിന്റെ നിഴലിലാണ്. രവീന്ദ്രൻനായർ ജയമാധവനെയും മറ്റും തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിയെടുക്കാൻ വേണ്ടി ഉണ്ടാക്കിയ പരാതിയാണോ എന്നാണ് സംശയം. ഇക്കാര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2017ലാണ് ജയമാധവൻ നായർ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്.
കൂടത്തിൽ വീട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രയവിക്രയം നടന്ന ഭൂമി ഇടപാടുകളെപ്പറ്റി പൊലീസ് നടത്തിവരുന്ന അന്വേഷണത്തിലാണ് ഡിവൈ.എസ്.പിയും കൂടത്തിലെ വസ്തു സ്വന്തമാക്കിയതായി വെളിപ്പെട്ടത്. ഇതോടൊപ്പം നഗരത്തിലെ വിവിധ വില്ലേജുകളിൽ കൂടത്തിൽ തറവാടുവക (ഉമാമന്ദിരം) വസ്തുക്കൾ വിറ്റഴിച്ചതിന്റെ കണക്കുകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. മണക്കാട് വില്ലേജിൽ 18ഉം നേമത്ത് ഒന്നും പാൽക്കുളങ്ങരയിൽ രണ്ടും തൈക്കാട് മൂന്നും വസ്തു ഇടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വാങ്ങിയവരുടെയും ഇടനിലക്കാരും സാക്ഷികളുമായവരുടെയും വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്കകം കൂടത്തിൽ തറവാട്ടുവക സ്വത്തുക്കളുടെയും വിറ്റഴിച്ചവയുടെയും കൃത്യമായ കണക്കുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ഡിവൈ.എസ്.പിയിൽ നിന്നും സംഘം വിവരങ്ങൾ തേടിയേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറാകുന്നില്ല.
പത്തുപേരും നെട്ടോട്ടവും
കൂടത്തിൽ വീട്ടിലെ സ്വത്ത് തട്ടിപ്പ് പരാതിയിലും ദുരൂഹ മരണങ്ങളിലും കൂടത്തായി മോഡൽ അന്വേഷണമാണ് നടക്കുന്നതെങ്കിലും അന്വേഷണ സംഘത്തിൽ മതിയായ പൊലീസുകാരില്ലെന്ന് ആക്ഷേപം. ആകെ പത്തുപേരാണ് ഇപ്പോൾ സംഘത്തിലുള്ളത്. അതുകൊണ്ടുമാത്രം അന്വേഷണം കാര്യമായി മുന്നോട്ടുകൊണ്ടു പോകാനാവില്ലത്രേ. വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവെടുക്കുന്നതിനും പ്രതികളെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനുമെല്ലാം അന്വേഷണ സംഘത്തിലെ അംഗബല കുറവ് തടസമാകുന്നുണ്ട്.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പത്തംഗ സംഘം കേസ് അന്വേഷിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ളതും പല കാലഘട്ടങ്ങളിലായി നടന്നതുമായ ഇടപാടുകളുടെ രേഖകൾ ശേഖരിക്കാനും തിരിമറികൾ കണ്ടെത്താനും സമയമെടുക്കും. റവന്യു - സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും ഇടപാടുകളുടെ തെളിവുകൾ ശേഖരിക്കണം. സാക്ഷികളായവരെ നേരിൽ കണ്ട് അന്വേഷിക്കണം. വസ്തു ഇടപാടുകളുടെ സാമ്പത്തിക ഉറവിടം, ഇടപാടുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തണം. ഇതിനെല്ലാംകൂടി പത്തംഗ സംഘംകൊണ്ട് മതിയാവില്ലെന്നാണ് വിലയിരുത്തൽ.
കൂടത്തിൽ വീട്ടിലെ മരണങ്ങളുമായി ബന്ധപ്പെട്ട് നഗരസഭയിലെ മരണ രജിസ്ട്രേഷൻ വിവരങ്ങൾ, ജയമാധവന്റെ രാസപരിശോധനാ ഫലം തുടങ്ങിയ കാര്യങ്ങൾക്കായി നഗരസഭ, ഫോറൻസിക് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളിൽ കയറിയിറങ്ങുകയാണ് ഇപ്പോൾ അന്വേഷണ സംഘം. വിവരങ്ങൾ ചോർത്തി നൽകാത്തവരും വിശ്വസ്തരുമായവരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താവൂ എന്ന് നിർദ്ദേശമുള്ളതിനാൽ തോന്നുംപടി ആളെക്കൂട്ടാൻ കഴിയില്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ.
കരമന പൊലീസ് വീഴ്ച വരുത്തിയോ..?
കൂടത്തിൽ വീട്ടിലെ സ്വത്ത് വീതം വയ്ക്കലും മരണങ്ങളും സംശയാസ്പദമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടും ഒരുവർഷത്തോളം നടപടിയെടുക്കാതിരുന്ന കരമന സ്റ്റേഷനിലെ ചില പൊലീസുകാരുടെ നിലപാടും ചോദ്യം ചെയ്യപ്പെടുകയാണ്. കൂടത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ചില വിവരങ്ങൾ ശേഖരിച്ച് നൽകുന്നതിൽ കാട്ടുന്ന അലംഭാവവും പൊലീസിന്റെ നീക്കങ്ങൾ രവീന്ദ്രൻനായർ അറിയുന്നതുമൊക്കെയാണ് സംശയത്തിന് കാരണം. അന്വേഷണ സംഘം ഇക്കാര്യങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. കോടതി ജീവനക്കാരനാകുന്നതിന് മുമ്പ് രവീന്ദ്രൻ നായർ പൊലീസുകാരനായിരുന്നു. ആ വഴിക്ക് ചില ബന്ധങ്ങൾ ഇപ്പോഴുമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
2018 ഒക്ടോബർ 8ന് ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ഒരുവർഷമായിട്ടും കരമന പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്ന ആക്ഷേപമുയർന്നിരുന്നു. ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രൻ നായരുടെ മൊഴികളിലുള്ള വൈരുദ്ധ്യം കരമന പൊലീസ് ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നില്ല. ജയമാധവൻ പരിക്കേറ്റനിലയിൽ കണ്ടെത്തിയതായി പറയപ്പെടുന്ന മുറി സീൽ ചെയ്ത് ഫോറൻസിക് പരിശോധയ്ക്ക് വിധേയമാക്കാനും തയാറായില്ല. രവീന്ദ്രൻനായർ നിർദ്ദേശിച്ചവരെ മാത്രം കേസിൽ സാക്ഷികളാക്കിയെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം മന:പൂർവം വരുത്തിയ വീഴ്ചകളാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടത്തിൽ കേസിൽ തുടക്കം മുതൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ വകുപ്പ് തല അന്വേഷണവും നടപടികളുമുണ്ടാകുമെന്നാണ് സൂചന.