ലോസ്ആഞ്ചലസ്: ഭാര്യയുടെ പിറന്നാളിന് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം വാങ്ങുന്ന കാര്യം ആലോചിച്ച് പലപ്പോഴും ഭർത്താക്കൻമാർ തലപുകയ്ക്കാറുണ്ട്. ഇതേ അവസ്ഥയിലായിരുന്നു അമേരിക്കൻ നടിയും ടെലിവിഷൻ താരവുമായ കിം കർദഷിയാന്റെ ഭർത്താവും അമേരിക്കൻ റാപ്പ് ഗായകനുമായ കാന്യേ വെസ്റ്റ്. കിമ്മിന് ഏറെ ഇഷ്ടമുള്ളവയെല്ലാം വീട്ടിൽ ഉണ്ട്. ഇനിയെന്താണ് പിറന്നാളിന് സമ്മാനമായി നൽകുക എന്നായിരുന്നു കാന്യേയുടെ ചിന്ത. ഒടുവിൽ കാന്യേ അത് കണ്ടെത്തുക തന്നെ ചെയ്തു.
ഒടുവിൽ സമ്മാനം കണ്ട് പിറന്നാൾ ദിവസം കിം ഹാപ്പിയായെന്ന് മാത്രമല്ല, സമ്മാനമെന്തെന്ന് അറിഞ്ഞ ഏവരും കാന്യേയെ അഭിനന്ദിക്കുകയും ചെയ്തു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി കിമ്മിന്റെ പേരിൽ ഒരു ദശലക്ഷം ഡോളർ നാല് ചാരിറ്റബിൾ സ്ഥാപനങ്ങൾക്ക് നൽകാനാണ് കാന്യേ തീരുമാനിച്ചത്. തന്റെ ജന്മദിന സമ്മാനമായി കാന്യേ ചെയ്‌ത ഈ നല്ല പ്രവൃത്തി ട്വിറ്ററിൽ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ സഹിതമാണ് കർദഷിയാൻ പോസ്റ്റ് ചെയ്തത്. കാന്യേ നൽകിയ തുക നാല് ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും തുല്യമായാണ് നൽകുന്നത്. ചെയ്യാത്ത കുറ്റത്തിന് ജയിൽപ്പെട്ടു പോയവരെ സഹായിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതാണ് ഇവ. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സഹായിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ കാണാനായി കിം മുമ്പ് വൈറ്റ് ഹൗസിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ പിറന്നാൾ സമ്മാനം എന്തുകൊണ്ടും കിമ്മിന് വെരിവെരി സ്പെഷ്യലായിരുന്നു.
കാലിഫോണിയ ബാർ എക്സാം പാസാകുന്നതിനായി ഒരു നിയമ സ്ഥാപനത്തിൽ കിം പ്രത്യേക പരിശീലനവും നേടുന്നുണ്ടെന്നാണ് വിവരം. ഒരു അഭിഭാഷകയായി മാറി കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരെ സഹായിക്കുക എന്നതാണത്രെ കിമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ ആഴ്ച നടന്ന തന്റെ ജന്മദിനാഘോഷം പരമാവധി ലളിതമാക്കാൻ കിം ശ്രദ്ധിച്ചിരുന്നു.
2014ലാണ് സംഗീത സംവിധായകനും ഫാഷൻ ഡിസൈനറും കൂടിയായ കാന്യേ വെസ്റ്റും കിമ്മും വിവാഹിതരായത്. 2005, 2015 വർഷങ്ങളിൽ ടൈം മാഗസിന്റെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള കാന്യേ 21 ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.