books

മലയിൻകീഴ്: കവി അയ്യപ്പന്റെ ഓർമ്മയ്ക്കായി നേമം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച ആലരങ്ങിൽ കേരളപ്പിറവി ദിനത്തിൽ പുസ്തക തൊട്ടിൽ കെട്ടും. പുസ്തകം ശേഖരിക്കുന്നതിന്റെ ഭാഗമായി കെട്ടുന്ന തൊട്ടിലിൽ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുൾപ്പെട്ട എഴുത്തുകാർക്ക് സ്വന്തം കൃതികൾ നിക്ഷേപിക്കാം. ശേഖരിക്കുന്ന പുസ്തകങ്ങൾ കവി അയ്യപ്പൻ സ്മാരക ഗ്രന്ഥശാലയിൽ പ്രത്യേകം സൂക്ഷിക്കുമെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. പ്രദേശത്തെ സാഹിത്യകാരന്മാരുടെ രചനകൾ പൊതു സമൂഹത്തിന് പരിചയപ്പെടുത്താനാണ് പുസ്തകശേഖരണത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നാളെ വൈകിട്ട് 3.30 ന് നേമം പുഷ്പരാജ് പുസ്തകം തൊട്ടിലിൽ നിക്ഷേപിക്കുന്നതോടെ പുസ്തകശേഖരം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.എൽ.എ.മാരായ ഐ.ബി സതീഷ്, എം.വിൻസന്റ്, ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ പങ്കെടുക്കും.