ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും ഒരു തൊഴിൽ ലഭിക്കാതെ അലയുന്നവരുടെ നാടായി കേരളം മാറിയിട്ട് പതിറ്റാണ്ടുകളായി. സർക്കാർ തലത്തിൽ അത്ര എളുപ്പമൊന്നുമല്ല ഒരു തൊഴിൽ നേടാൻ. സ്വകാര്യ മേഖലയിലും സ്ഥിതി അത്രയൊന്നും ആശാവഹമല്ല. വ്യാവസായികമായി കേരളത്തിന്റെ പിന്നാക്കാവസ്ഥ തൊഴിലവസര വർദ്ധനയ്ക്ക് ഒരിക്കലും അനുകൂലമല്ല. ഇത്തരമൊരു സാഹചര്യത്തിൽ അഭ്യസ്തവിദ്യർക്ക് അവരുടെ യോഗ്യതയും അഭിരുചിയും അനുസരിച്ച് തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ 'കരിയർ നയം" കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമം ഏറെ സ്വാഗതാർഹമാണ്. പുതിയ തൊഴിൽ തേടാനുള്ള യത്നത്തിൽ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ പരിശീലനം കൂടി ഉറപ്പുവരുത്തുന്ന വിധത്തിലാകും നയാവിഷ്കരണം. നയത്തിന്റെ കരടു രൂപം തയ്യാറായിട്ടുണ്ട്. നവംബർ 25-ന് തലസ്ഥാനത്ത് അത് പൊതുവേദിയിൽ ചർച്ച ചെയ്യും. ചർച്ചകളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാകും അന്തിമ നയരൂപീകരണം.
പഠനം പൂർത്തിയാക്കിയ മുഴുവൻ പേർക്കും അവരുടെ യോഗ്യതയ്ക്കിണങ്ങുന്ന തൊഴിൽ കണ്ടെത്തുകയെന്നതാണ് കരിയർ നയം കൊണ്ട് ലക്ഷ്യമാക്കുന്നത്. അനുയോജ്യമായ തൊഴിൽ മേഖലയിൽ എത്തിക്കുക മാത്രമല്ല ലക്ഷ്യം. ഉയർന്ന നിലവാരത്തിലുള്ള വിദഗ്ദ്ധ പരിശീലനം തേടാനുള്ള സൗകര്യവും ഒരുക്കും. പുതിയ കോഴ്സുകൾ കണ്ടുപിടിക്കാനും പഠിച്ചിറങ്ങുന്നവർക്ക് അതിനനുസരണമായ തൊഴിൽമേഖല പരിചയപ്പെടുത്താനും ശ്രമം ഉണ്ടാകും. പദ്ധതിയുടെ നടത്തിപ്പിന് കരിയർ ഡെവലപ്പ്മെന്റ് മിഷന്റെ കീഴിൽ ജില്ലകളിൽ സംവിധാനം ഒരുക്കും. എംപ്ളോയ്മെന്റ് ഡയറക്ടറേറ്റിനാണ് മുഖ്യ ചുമതല. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇതുവരെ നടപ്പാകാത്ത പുതിയൊരു പരീക്ഷണത്തിനാണ് സംസ്ഥാന സർക്കാർ മുതിരുന്നത്. തൊഴിൽനയം നേരത്തെ തന്നെ പ്രാബല്യത്തിലുണ്ടെങ്കിലും കരിയർനയം പുതിയ ആശയമാണ്. സംസ്ഥാനത്തും പുറത്തും നടക്കുന്ന അനേകം മത്സര പരീക്ഷകൾക്ക് യുവതീയുവാക്കളെ പരിശീലിപ്പിക്കാൻ സംവിധാനമുണ്ടാകും. ഇപ്പോൾ ഈ ദൗത്യം നിർവഹിക്കുന്നത് കൂടുതലും സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. കഴുത്തറുപ്പൻ ഫീസ് നൽകിയാണ് പലരും ഇത്തരം സ്ഥാപനങ്ങളിൽ കോച്ചിംഗിന് പോകുന്നത്.
വിദ്യാഭ്യാസ യോഗ്യത നേടുന്നതുകൊണ്ടുമാത്രം മികച്ച തൊഴിൽ ലഭ്യമാകണമെന്നില്ല. ഉദ്യോഗാർത്ഥികളുടെ സംഖ്യ പെരുകിയതിനൊപ്പം ഉള്ള അവസരങ്ങൾ സ്വന്തമാക്കാനുള്ള മത്സരവും കൂടുതൽ തീക്ഷ്ണമാവുകയാണ്. കഠിനപ്രയത്നം കൂടാതെ ഒരിടത്തും കയറിപ്പറ്റാനാകില്ല. സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് പിന്നിൽ നിന്ന ജില്ലകൾ പോലും അതിശയകരമാം വിധം ഇപ്പോൾ ഏറ്റവും മുന്നിലേക്കു കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉയർന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാ വിഭാഗക്കാരും മനസിലാക്കിക്കഴിഞ്ഞു. അതിനു തെളിവാണ് ഓണംകേറാ മൂലയിൽ പോലും പുതിയ സ്വാശ്രയസ്ഥാപനങ്ങളുടെ ഉദയം. പത്താംക്ളാസ് പരീക്ഷാഫലത്തിൽ പിന്നിൽ നിന്നിരുന്ന മലപ്പുറം ജില്ലയുടെ വർദ്ധിച്ച മുന്നേറ്റം വിദഗ്ദ്ധർക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ യാഥാസ്ഥിതികത മുറുകെപ്പിടിച്ചവർ പോലും ഇപ്പോൾ നിലപാട് മാറ്റി. ഉന്നത വിജയികളുടെ പട്ടികയിൽ മലപ്പുറത്തുള്ള കുട്ടികൾ കവിഞ്ഞ തോതിൽ ഇടംപിടിക്കാൻ കാരണം പഴയ സമീപനത്തിൽ വന്ന വിപ്ളവകരമായ മാറ്റമാണ്. അപ്രാപ്യമെന്നു കരുതിയിരുന്ന ഉന്നതതൊഴിൽ മേഖലകളിലും കാണാം ഈ മാറ്റം. സിവിൽ സർവീസ് പരീക്ഷയിലും പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട സമർത്ഥരായ കുട്ടികൾ അവസരങ്ങൾ ധാരാളമായി കണ്ടെത്തുന്നു.
എല്ലാ രംഗത്തുമെന്നപോലെ ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികൾ തൊഴിൽ രംഗത്തും പിന്നാക്കം പോകാൻ പ്രധാന കാരണം മികച്ച തൊഴിൽ പരിശീലനത്തിന്റെ അഭാവമാണ്. കൂടുതൽ പണം ചെലവാക്കി മികച്ച തൊഴിൽ പരിശീലനം നേടാൻ അവർക്ക് സാധിക്കുന്നില്ല. സർക്കാരിന്റെ പുതിയ കരിയർ നയം ഈ കുറവു പരിഹരിക്കാൻ ഉതകുമെങ്കിൽ വലിയ നേട്ടമാകുമത്. പുതിയ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരം പോലും അറിയാതെ കഴിയുന്നവർ ധാരാളമുണ്ട്. അതുപോലെ ഏതേതെല്ലാം കോഴ്സ് പഠിച്ചാൽ മികച്ച അവസരം എത്തിപ്പിടിക്കാമെന്ന് മാർഗദർശനം നൽകാൻ സംവിധാനമുണ്ടെങ്കിൽ എല്ലാ വിഭാഗക്കാർക്കും അതു വലിയ ഉപകാരമാകും. ഇപ്പോൾ നോക്കുകുത്തിയായി മാത്രം പ്രവർത്തിക്കുന്ന എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ സ്ഥാനത്ത് കരിയർ വികസന കേന്ദ്രങ്ങൾ വരുന്നത് യുവജനതയെ സംബന്ധിച്ചിടത്തോളം പുതിയ പ്രതീക്ഷ ഉണർത്തുമെന്നു തീർച്ച. കേവലം സർക്കാർ ചട്ടക്കൂട്ടിൽ തളച്ചിടുന്നതാകരുത് അതിന്റെ പ്രവർത്തനശൈലി എന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുകയും വേണം.