vilappilsala

മലയിൻകീഴ്: ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന തരത്തിലുള്ള കൂറ്റൻ പാറയുടെ അടിഭാഗത്തെ ഒരു ചെറിയ വീട്ടിൽ ഭീതിയോടെ കഴിയുകയാണ് ഒരമ്മയും വിധവയായ മകളും. വിളപ്പിൽശാല ചെറുകോട് കുറക്കോട് മേക്കുംകര പുത്തൻവീട്ടിൽ സരസമ്മ (75), മകൾ തങ്കമണി എന്നിവർക്കാണ് ഈ ദുർവിധി. സരസമ്മയുടെ വീടിന് പിറകു ഭാഗത്ത് നൂറു മീറ്റർ മാത്രം അകലത്തിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പാറ മണ്ണ് ഇളകി മാറി അപകടാവസ്ഥയിലായിരിക്കുന്നത്. മൂന്നു സെന്റിൽ ഗ്രാമപഞ്ചായത്ത് ഭവന പദ്ധതിയിലൂടെ നിർമ്മിച്ച നൽകിയ വീടാണ് സരസമ്മയുടേത്. തങ്കമണി വീട്ടുജോലിക്ക് പോയി കിട്ടുന്ന തുകയാണ് ഇവരുടെ ഏക വരുമാന മാർഗം. ഇന്നലെ പെയ്ത മഴയിൽ പാറയുടെ അടിഭാഗത്തെ മൺതിട്ട സരസമ്മയുടെ വീട്ടിലേക്ക് ഇടിഞ്ഞു വീണിരുന്നു. മണ്ണിനോടൊപ്പം അടർന്ന് വീണ ഉരുളൻ പാറകൾ തട്ടി വീടിന്റെ ചുവരിന് വിള്ളവും സംഭവിച്ചു. അപകടാവസ്ഥയിലായ പാറ പൊട്ടിച്ചു മാറ്റണമെന്ന് സരസമ്മ സ്വകാര്യ വ്യക്തിയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഏഴ് വർഷം മുൻപ് ഈ പ്രദേശത്ത് വീടിന് മുകളിൽ കൂറ്റൻ പാറവീണ് അപകടമുണ്ടായിട്ടുണ്ട്. ഭീതിയോടെയാണ് ഈ മഴക്കാലത്ത് ഇവർ കഴിയുന്നത്. തന്റെ ദുരസ്ഥ ചൂണ്ടിക്കാട്ടി വിളപ്പിൽ പഞ്ചായത്തിൽ പരാതി നൽകി കാത്തിരിക്കുകയാണ് സരസമ്മയും മകളും.