തിരുവനന്തപുരം: കായികമേളകളിൽ ഒരു സമയം ഒരു ത്രോ മത്സരം മാത്രമേ നടത്താവൂ എന്ന് കർശന നിർദ്ദേശം നൽകിയതായി മന്ത്രി ഇ.പി.ജയരാജൻ നിയമസഭയെ അറിയിച്ചു. സ്കൂൾ കായികമേളകളിൽ ഇത് കർശനമായി നടപ്പാക്കാൻ ഡി.ഇ.ഒ.മാർക്ക് സർക്കുലർ അയച്ചു. സ്‌കൂൾ മീ​റ്റിൽ ജില്ലാതലം മുതലുള്ള മത്സരങ്ങൾക്ക് യുവജന കാര്യാലയത്തിലെയോ സ്പോർട്സ് കൗൺസിലിന്റെയോ ഒരു സീനിയർ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും. സംസ്ഥാന ജൂനിയർ അത്‌ല​റ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സ്‌കൂൾ കായികമേളയുടെ ഭാഗമായ ഉപജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങൾക്ക് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നിർദ്ദേശം നൽകി. പാലായിലെ അപകടം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ആശ്വാസ ധനസഹായമായി അനുവദിച്ചിരുന്നു. പാലാ നഗരസഭ ഗ്രൗണ്ട് അനുവദിക്കാതിരുന്നിട്ടും കായികമേള എങ്ങനെ നടത്തിയെന്ന് അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുകയാണ്. സമിതി നിർദ്ദേശങ്ങളും ഇതുമായി ബന്ധപ്പെട്ട മ​റ്റു വിദഗ്ധ നിർദേശങ്ങളും പരിഗണിച്ച് കായികമേളകൾ സുരക്ഷിതമായി സംഘടിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മാണി.സി കാപ്പന്റെയും സബ്മിഷന് മന്ത്രി മറുപടി നൽകി.