greta
നെലോടോഡ്സ് ഗ്രേറ്റേ

ലണ്ടൻ: പുതുതായി കണ്ടെത്തിയ ഒരിനം വണ്ടിന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന്റെ പേര് നൽകിയിരിക്കുകയാണ് ഗവേഷകർ. ' നെലോടോഡ്സ് ഗ്രേറ്റേ ' എന്ന് പേരിട്ടിരിക്കുന്ന ഈ വണ്ടിന് വെറും ഒരു മില്ലിമീറ്ററിൽ താഴെ മാത്രമേ നീളമുള്ളു. ചിറകുകളോ കണ്ണുകളോ ഇതിനില്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ചെറിയ പ്രായത്തിൽ തന്നെ ഗ്രേറ്റ കാഴ്‌ച വയ്‌ക്കുന്ന പോരാട്ടമാണ് പുതിയ സ്‌പീഷീസിന് ഇങ്ങനെയൊരു പേര് നൽകാൻ കാരണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

1960കളിൽ കെനിയയിലാണ് ഈ വണ്ടിനെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് 1978ൽ ഇതിന്റെ സാമ്പിൾ ലണ്ടനിലെ നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിലേക്ക് കൈമാറി. ഇവിടെ ഈ സ്പീഷീസിനെ പഠന വിധേയമാക്കി.

പുതിയ സ്പീഷീസുകളുടെ പേരിടീലിൽ പലപ്പോഴും ശാസ്ത്രജ്ഞർ തങ്ങളുടെ ക്രിയാത്മകത പ്രകടമാക്കാറുണ്ട്. ജമൈക്കൻ ഗായകൻ ബോബ് മെർലി, ഇംഗ്ലീഷ് എതോളജിസ്റ്റും പരിണാമ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ റിച്ചാർഡ് ഡോക്കിൻസ്, അമേരിക്കൻ ഗായിക ബിയോൺസ്, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തുടങ്ങിയവരുടെ പേരുകൾ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഹോളിവുഡ് നടൻ ലിയനാർഡോ ഡി കാപ്രിയോയുടെ പേരിൽ ' സ്പിൻതാറസ് ലിയനാർഡോ ഡി കാപ്രിയോയി ' എന്ന ചിലന്തിയുണ്ട്.

സ്വന്തം തല മണ്ണിലേക്ക് ഒളിച്ചു വയ്‌ക്കുന്ന പുതിയ ഇനം ഉഭയജീവി‌യ്‌ക്കും ഡോണാൾഡ് ട്രംപിന്റെ പേര് തന്നെയാണ് ഗവേഷകർ നൽകിയിരിക്കുന്നത്. ' ഡെർമോഫിസ് ഡോണാൾഡ് ട്രംപൈ' എന്നാണ് അതിന്റെ പേര്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ട്രംപിന്റെ പ്രസ്‌താവനകളാണത്രെ ഇത്തരം ഒരു സ്‌പീഷിസിന് ട്രംപിന്റെ പേര് നൽകാൻ കാരണം. ഗുഹകളിൽ കാണപ്പെടുന്ന ഒരിനം വണ്ടിന് നൽകിയിരിക്കുന്ന ശാസ്ത്രനാമം 'അനേഫ്‌താൽമസ് ഹിറ്റ്ലെറി ' എന്നാണ്. പേരിൽ ഹിറ്റ്ലർ ഉള്ളത് കൊണ്ട് വണ്ടിന്റെ സ്വഭാവവും ഊഹിക്കാമല്ലോ ? മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ അപകടകാരികളാണ് ഈ വണ്ടുകൾ.