തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാവിലെ 9.30ന് പുറപ്പെട്ട മുംബയ് നേത്രാവതി എക്സ്പ്രസിന്റെ എൻജിൻ ഉൾപ്പെടെ മൂന്ന് ബോഗികൾ പേട്ട റെയിൽവേ സ്റ്റേഷനു സമീപം വേർപെട്ടതിനു പിന്നാലെ വൈകിട്ട് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനു സമീപവും ഒരു ട്രെയിനിന്റെ എൻജിൻ ബോഗിയിൽനിന്ന് വേർപെട്ട് ഓടിനിന്നു. രണ്ടിടത്തും ഭാഗ്യത്താൽ വൻ ദുരന്തം ഒഴിവായി. പാലക്കാട്- പൊള്ളാച്ചി- ചെന്നൈ എക്സ്പ്രസിന്റെ എൻജിൻ ഇന്നലെ വൈകിട്ട് 3.40നാണ് വേർപെട്ടത്. നേത്രാവതിയുടെ വേർപെട്ട എൻജിൻ ഒരു കിലോമീറ്ററോളം മുന്നോട്ടുപോയാണ് നിന്നത്. ബാക്കി 19 ബോഗികൾ നിറയെ യാത്രക്കാരുമായി പേട്ട സ്റ്റേഷനിൽ കിടന്നു.
രാവിലെ 9.40 ഒാടെ പേട്ടയിൽ വച്ച് എൻജിൻ വേർപെടുമ്പോൾ വഞ്ചിനാട് എക്സ്പ്രസും ഇന്റർസിറ്റിയും അടുത്ത ട്രാക്കിലൂടെ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. അപകടത്തിൽ ബോഗികൾ മറിഞ്ഞിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി പറഞ്ഞറിയിക്കാനാവുമായിരുന്നില്ല.
ഒരുകിലോമീറ്ററോളം മുന്നോട്ടുപോയശേഷം ലോക്കോപൈലറ്റ് എൻജിൻ നിറുത്തി പിന്നോട്ടെടുത്ത് പേട്ട റെയിൽവേ സ്റ്റേഷനിലെത്തിച്ചു. തമ്പാനൂരിൽ നിന്ന് സാങ്കേതിക വിദഗ്ദ്ധർ എത്തി വിട്ടുപോയ ബോഗികൾ കൂട്ടിച്ചേർത്ത ശേഷം ഒരുമണിക്കൂറോളം വൈകി 10.45ഓടെയാണ് യാത്ര തുടർന്നത്.
ചൊവ്വാഴ്ച വൈകിട്ട് മുംബയിൽ നിന്ന് എത്തിയ ട്രെയിൻ തന്നെയാണ് ഇന്നലെ രാവിലെ തിരിച്ചു പോയതെന്നും ഇതിലെ എൻജിൻ തിരുവനന്തപുരത്തുവച്ച് വേർപെടുത്തിയിരുന്നില്ലെന്നും റെയിൽവേ അറിയിച്ചു. അതിനാൽ ബോഗികളെ ബന്ധിപ്പിക്കുന്ന കപ്ളിംഗ് യോജിപ്പിച്ചപ്പോൾ വീഴ്ച സംഭവിക്കാനിടയില്ല. ട്രെയിൻ വൃത്തിയാക്കുന്ന ജോലിമാത്രമാണ് തിരുവനന്തപുരത്ത് ചെയ്തത്. റെയിൽവേ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സാദ്ധ്യതയും കണ്ടെത്തിയിട്ടില്ല. എൻജിനും ബി.5 എയർകണ്ടിഷൻ ബോഗിയും ഒരു ജനറൽ കോച്ചുമാണ് എൻജിനൊപ്പം വേർപ്പെട്ടത്.
ദുരന്തം ഒഴിവായത്?
അത്യാധുനിക എൽ.എച്ച്.ബി കോച്ചുകളായതിനാൽ എൻജിനിൽ നിന്ന് വേർപെട്ടാലും ബോഗികൾ മറിയില്ലെന്ന് റെയിൽവേ അറിയിച്ചു. അതിലെ എയർ ബ്രേക്ക് സംവിധാനം ആട്ടോമാറ്റിക്കായി പ്രവർത്തിച്ച് ബോഗികൾ പാളത്തിൽ തന്നെ നിൽക്കും. ഐ.സി.എഫ് കോച്ചുകളായിരുന്നെങ്കിൽ മറിഞ്ഞ് വൻ ദുരന്തമുണ്ടാകുമായിരുന്നു. ബോഗികളിലെ ബ്രേക്ക് ഉടൻ പ്രവർത്തിക്കുമെങ്കിലും എൻജിനിലെ ബ്രേക്ക് സാവധാനമാണ് പ്രവർത്തിക്കുക. അതുകൊണ്ടാണ് അത് 700 മീറ്റർ മുന്നോട്ട് പോയി നിന്നത്.
ഒരുമാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനിലെ ബോഗികൾ ഒാടികൊണ്ടിരിക്കെ വേർപെടുന്നത്. കഴിഞ്ഞ മാസം കൊച്ചുവേളി-ശ്രീഗംഗനഗർ എക്സ്പ്രസിന്റെ എൻജിനാണ് ബോഗിയിൽനിന്ന് വേർപെട്ടത്. ഒല്ലാൽ ലെവൽക്രോസിനും പരവൂർ റെയിൽവേ സ്റ്റേഷനുമിടയ്ക്കുവച്ചായിരുന്നു അത്. തുടർച്ചയായ അപകടങ്ങൾ ഗൗരവത്തോടെ കാണുന്നതായി ഡിവിഷണൽ റെയിൽവേ മാനേജർ പറഞ്ഞു. സംഭവത്തെ കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
കൊല്ലങ്കോട് അപകടം
കൊല്ലങ്കോട്: വടകന്നികാപുരം വളവ് കഴിഞ്ഞപ്പോഴാണ് പാലക്കാട്- പൊള്ളാച്ചി- ചെന്നൈ എക്സ്പ്രസിന്റെ എൻജിനും ബോഗിയും ബന്ധിപ്പിക്കുന്ന കപ്ലിംഗും വാക്വം എയർ പൈപ്പും വേർപെട്ടതായി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. എൻജിൻ സ്റ്റേഷൻ കടന്നുപോയാണ് നിന്നത്. കൊല്ലങ്കോട്ട് സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത്. ബോഗികൾ ഊട്ടറ റെയിൽവേ ക്രോസിലാണ് നിന്നത്. ഇതോടെ അരമണിക്കൂർ റോഡ് ഗതാഗതവും സ്തംഭിച്ചു. ലോക്കോ പൈലറ്റുമാരും റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരുമെത്തി തകരാർ പരിഹരിച്ച് 4.08നാണ് ട്രെയിൻ യാത്ര തുടർന്നത്.