block

നേമം: കരമന - കളിയിക്കാവിള ദേശീയപാത രണ്ടാംഘട്ട വികസനം നടക്കുന്ന പ്രാവച്ചമ്പലം ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒരു മണിക്കൂറിലേറെ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു.

രാവിലെ 9 ഒാടെയുണ്ടായ കുരുക്കിൽ ദേശീയപാതയിൽ നേമം ഗവ. യു.പി.എസ് മുതൽ പളളിച്ചൽ വരെയും പ്രാവച്ചമ്പലം - കാട്ടാക്കട റോഡിൽ വെളളംകെട്ടുവിള വരെയും വാഹനങ്ങളുടെ നിര നീണ്ടു. 3 പൊലീസുകാർ മാത്രമാണ് ഗതാഗത നിയന്ത്രണത്തിന് ഉണ്ടായിരുന്നത്. തുടർച്ചയായി പെയ്ത ചാറ്റൽ മഴ കുരുക്കിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരെ വലച്ചു. സ്കൂൾ - ഓഫീസ് സമയമായതിനാൽ ദേശീയപാതയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ സമയത്ത് മൊട്ടമൂട് ഭാഗത്തു നിന്നും പ്രാവച്ചമ്പലം ഭാഗത്തേക്കുളള ലോറികളുടെ സഞ്ചാരമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. രാവിലെ 9 മുതൽ 10 വരെ അരിക്കടമുക്ക്, പ്രാവച്ചമ്പലം - കാട്ടാക്കട റോഡ് ജംഗ്ഷൻ, പ്രാവച്ചമ്പലം ജംഗ്ഷൻ, നേമം ഗവ.യു.പി.എസ് എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. നേമം സ്റ്റേഷനിൽ നിന്നും പൊലീസുകാർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്.