നെടുമങ്ങാട്: തദ്ദേശ സ്വയംഭരണ മികവിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നാല് വർഷത്തെ തനതു വികസന പദ്ധതികളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തി മാതൃകയാവുന്നു. ജനകീയാസൂത്രണ പ്രക്രിയയിലെ സുപ്രധാന നിർദേശമായ സാമൂഹ്യാവലോകനം സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു അറിയിച്ചു. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് സോഷ്യൽ ഓഡിറ്റിംഗ്.

നടപ്പിലാക്കിയ മുപ്പത് പദ്ധതികളുടെ റിപ്പോർട്ട് അവതരണം, ജനസഭ പ്രതികരണം, വിദഗ്ദാവലോകനം, ജൂറി നിഗമന അവതരണം എന്നിവയാണ് നടക്കുക. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഡോ.അരുണാ റോയി, തെലങ്കാന സൊസൈറ്റി ഫോർ സോഷ്യൽ ആഡിറ്റ് സൗമ്യ കിദംബി, ഐ.എ.എസുകാരായ ശാരദ മുരളീധരൻ, പത്മകുമാർ, ഡോ.വി.കെ. രാമചന്ദ്രൻ, ഡോ.ബി.ഇക്ബാൽ, ഡോ.കെ.എൻ. ഹരിലാൽ, ഡോ.ജോയി ഇളമൺ എന്നിവരാണ് ജഡ്ജിംഗ് പാനൽ. 'കില"യുടെയും കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി.