ss-kovil-road

തിരുവനന്തപുരം: ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും നഗരത്തിൽ വ്യാപകനാശം. പലഭാഗങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. ശംഖുംമുഖം കണ്ണാന്തുറയിൽ ഇലക്ട്രിക് ലൈനിലേക്ക് വീണ കാറ്റാടി മരം ചാക്ക ഫയർഫോഴ്സ് ജീവനക്കാരെത്തി മുറിച്ചുനീക്കി. ബീമാപള്ളി പൂന്തുറ നൂറുൽ ഇസ്ലാം അറബിക് കോളേജിന് സമീപം ഹാജയുടെ വീട്ടിലേക്ക് മരംവീണ് വീടിന് കേടുപാടുണ്ടായി. ഉച്ചയോടെ വെട്ടുകാട് കൊച്ചുവേളി പള്ളിക്ക് സമീപമുള്ള ലിജു ഗബ്രിയേലിന്റെ വീടിന് മുകളിലേക്ക് സമീപത്തുള്ള തെങ്ങ് ഒടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നു. പേട്ടയിൽ നിന്നു ചാക്കയിലേക്ക് പോകുകയായിരുന്നു ഇരുചക്രവാഹന യാത്രക്കാരുടെ മുകളിലേക്ക് തണൽമരം ഒടിഞ്ഞുവീണ് ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആർ.സി.സിക്ക് സമീപവും മെൻസ് ഹോസ്റ്റലിന് സമീപവും കരിക്കകം സി.എൻ.ആർ നഗറിലും മരംവീണ് നാശനഷ്ടമുണ്ടായി.