കല്ലമ്പലം: മഹാത്മാഗാന്ധിയുടെ 150 – ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭാരതത്തിലുടനീളം ‘ഗാന്ധി സങ്കല്പ യാത്ര’ നടത്താൻ ബി.ജെ.പി അഖിലേന്ത്യാ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ മഹാത്മഗാന്ധി സന്ദർശിച്ച ശിവഗിരിയിലെ ശാരദാമഠത്തിനടുത്തുള്ള മാവിൻ ചുവട്ടിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ നയിക്കുന്ന കാൽനട യാത്ര തിങ്കളാഴ്ച രാവിലെ 10 ന് ശിവഗിരിയിൽ നിന്നും ആരംഭിക്കും. പുത്തൻചന്ത, മരക്കടമുക്ക്, പാലച്ചിറ, വടശ്ശേരിക്കോണം വഴി വൈകിട്ടോടെ കല്ലമ്പലത്ത് എത്തിച്ചേരും. തുടർന്ന് കല്ലമ്പലം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. മഹാത്മാഗാന്ധിയുടെ ലളിത ജീവിത ശൈലിയും മറ്റും പാർട്ടി പ്രവർത്തകരിലേക്ക് പകർത്തി സമാന ചിന്താഗതിയുള്ളവരെയും പങ്കെടുപ്പിച്ച് നടത്തുന്ന യാത്രയിൽ അനവധി സമുദായ നേതാക്കളും, പാർട്ടിയുടെ നേതാക്കളും, പ്രവർത്തകരും ഗാന്ധി തൊപ്പിയും, ഖദർ വസ്ത്രങ്ങളും ധരിച്ച് പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി പറഞ്ഞു. ഇതിന്റെ വിജയത്തിനായി തോട്ടയ്ക്കാട് ശശി, ജില്ലാ സെക്രട്ടറി ബാലമുരളി, മണ്ഡലം പ്രസിഡന്റ് ചാവർകോട് ഹരിലാൽ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കല്ലമ്പലം ഉല്ലാസ്, മണ്ഡലം കമ്മിറ്റി അംഗം കല്ലമ്പലം രാജീവ്, കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.