സമകാലീനരും ജീവിതത്തിലുടനീളം പല കാര്യങ്ങളിലും ഏറെ സമാനതകൾ വച്ചുപുലർത്തിയിരുന്നവരുമായ രണ്ട് ശക്തരായ ലോക നേതാക്കളായിരുന്നു ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും, അമേരിക്കയുടെ പ്രസിഡന്റ് ജെ.എഫ്.കെ എന്ന് അറിയപ്പെട്ടിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡിയും.ഇരുവരും വ്യത്യസ്ത വർഷങ്ങളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരുനേതാക്കളും ജനിച്ചത് 1917 ലായിരുന്നു. ജനഹൃദയങ്ങളിൽ ഇഴുകിച്ചേർന്ന ഇന്ദിരാഗാന്ധി ഭാരതത്തിന്റെ പുണ്യനദിയായ യമുനയുടെ തീരത്തെ ശാന്തിഘട്ടിൽ എരിഞ്ഞടങ്ങിയിട്ട് ഇന്നേക്കു മുപ്പത്തിയഞ്ചുവർഷം തികയുമ്പോൾ കെന്നഡി വധിക്കപ്പെട്ടിട്ട് നവംബർ 22ന് അൻപത്തിയാറുവർഷം പൂർത്തിയാകുന്നു. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണാനന്തരം 1966 ൽ പ്രധാനമന്ത്രിപദം ഏറ്റെടുത്ത ഇന്ദിരാഗാന്ധി 1966 മുതൽ 1977 വരെയും 1980 മുതൽ 1984 വരെയും ഭാരതത്തെ ധീരമായി നയിച്ചു.
രാഷ്ട്രശില്പികൾ വിഭാവന ചെയ്ത മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് പാതയിലൂടെ രാഷ്ട്രത്തിന്റെ സാമ്പത്തിക സാമൂഹ്യ പുരോഗതിക്കായി ദൃഡപ്രതിജ്ഞയെടുത്ത് ഭരണത്തിലേറിയ അവർ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള മൈത്രിക്കും ലോകസമാധാനത്തിനും വേണ്ടി എന്നും നിലകൊണ്ടു.
ബാങ്ക് ദേശസാത്കരണം, മുൻ രാജാക്കന്മാരുടെ പ്രിവിപേഴ്സ് നിറുത്തലാക്കൽ തുടങ്ങിയ വിപ്ളവകരമായ തീരുമാനങ്ങളിലൂടെ രാജ്യഭരണത്തിന് നവ ഉൗർജ്ജം നൽകുകയും ജനഹൃദയങ്ങളിൽ അവർക്ക് വമ്പിച്ച സ്വീകാര്യത ഉണ്ടാവുകയും ചെയ്തു.
പ്രകൃതി സ്നേഹിയായിരുന്ന ഇന്ദിരാഗാന്ധി പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊണ്ടതിന്റെ ഫലമായാണ് നമ്മുടെ സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. പ്രകൃതി സ്നേഹികൾക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവമായിരുന്നു അത്. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ അവർ നൽകിയ പിന്തുണ അളവറ്റതാണ്. ശാസ്ത്രബോധവും കാഴ്ചപ്പാടുമുണ്ടായിരുന്ന അവരുടെ നേതൃത്വത്തിൽ നമ്മുടെ ശാസ്ത്ര-സാങ്കേതിക രംഗം പുഷ്ടിപ്പെട്ടു. 'ആര്യഭട്ട, ഭാസ്കര, എസ്.എൽ.വി-3" എന്നിവയുടെ വിക്ഷേപണം, ആദ്യ ന്യൂക്ളിയർ സ്ഫോടനം, സോവിയറ്റ് യൂണിയനുമായി ബഹിരാകാശ യാത്ര, അന്റാർട്ടിക്ക പര്യവേഷണം തുടങ്ങി എല്ലാരംഗത്തും ഭാരതത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാൻ അവർ എന്നും ശ്രദ്ധിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ശാസ്ത്രനേട്ടങ്ങൾക്ക് ഉൗർജം പകർന്നതും ഇന്ദിരാഗാന്ധിതന്നെ.
ഒരു അമേരിക്കൻ സന്ദർശന വേളയിൽ ലോകസമാധാനത്തിന് രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള ഐക്യവും ആശയ, വിജ്ഞാന വിതരണവും ആവശ്യമാണെന്ന് ആഹ്വാനം ചെയ്യുമ്പോൾ തന്നെ അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ ആഞ്ഞടിക്കാനും അവർ മറന്നില്ല. 1975 ലെ അടിയന്തരാവസ്ഥ അവരുടെ ജനപ്രീതിക്ക് മങ്ങലേൽപ്പിച്ചെങ്കിലും അവരുടെ ഭരണകാലഘട്ടം നമ്മുടെ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥിതി ശക്തമായി സംരക്ഷിക്കപ്പെട്ടിരുന്നു. കാർഷിക, ശാസ്ത്ര സാങ്കേതിക എന്നുതുടങ്ങി എല്ലാരംഗത്തും പുരോഗതി നേടാനും കഴിഞ്ഞു.
പഞ്ചാബ് വിഘടന വാദികൾക്കെതിരെ ശക്തമായ നടപടികൾ എടുത്തതിന്റെ പേരിൽ വിഘടനവാദിയായ സ്വന്തം സുരക്ഷാ ഭടന്റെ വെടിയേറ്റ് 1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. അസാധാരണമായ നേതൃവൈഭവവും ആകർഷക ശക്തിയും കൊണ്ടു ജനഹൃദയങ്ങളിലേക്ക് എക്കാലവും പടർന്നു കയറാൻ കഴിഞ്ഞ ഇന്ദിരാഗാന്ധിയുടെ ചരമദിനം നാം ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നു.
ലോകസമാധാനം ആഗ്രഹിച്ച, അതിനായി നിരന്തരം യത്നിച്ച ലോകനേതാക്കളിൽ വ്യത്യസ്തനായിരുന്നു ജോൺ എഫ്. കെന്നഡി. തിരഞ്ഞെടുപ്പിലൂടെ യു.എസ് പ്രസിഡന്റായ ഏറ്റവും പ്രായംകുറഞ്ഞയാളാണ്. 43 വയസും 236 ദിവസവുമായപ്പോഴാണ് കെന്നഡി പ്രസിഡന്റായത്. 25-ാമത്തെ വയസിൽ അമേരിക്കൻ സെനറ്റിൽ അംഗമായ അദ്ദേഹം ഇരുപതുവർഷം പിന്നിടുന്നതിന് മുമ്പ് അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റു. ഭരണപരിചയമോ പ്രായത്തിന്റെ പക്വതയോ ഇല്ലാതിരുന്നിട്ടുകൂടി തന്റെ തുറന്ന സമീപനത്തിലൂടെ അമേരിക്കൻ ജനതയുടെ ഹൃദയത്തിൽ അദ്ദേഹം ഇടം നേടി. വൈറ്റ് ഹൗസിന്റെ വാതിലുകൾ ജനങ്ങൾക്കായി തുറന്നിട്ടു.
പ്രശ്നങ്ങൾ നേരിടുന്ന കാര്യത്തിലെ കെന്നഡിയുടെ സമീപനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു. . ക്യൂബൻ തീരത്ത് വിന്യസിച്ച റഷ്യൻ മിസൈലുകൾ സംബന്ധിച്ച് ഉടലെടുത്ത, ഒരുപക്ഷേ ഒരു മൂന്നാംലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ലോകം ഭയന്ന സംഘർഷത്തിന് അയവ് വരുത്തിയത് കെന്നഡിയുടെ ഇടപെടലാണ്. കെന്നഡിയുടെ മുന്നറിയിപ്പിനെ തുടർന്ന് റഷ്യ മിസൈലുകൾ പിൻവലിച്ചു.
കെന്നഡി ഭരണ സാരഥ്യം ഏറ്റെടുത്തതിന് ശേഷമാണ് അമേരിക്കയുടെ ലോകസമാധാനത്തിനായുള്ള നീക്കങ്ങൾക്കു ശക്തി പ്രാപിച്ചത്. നിരായുധീകരണ ചർച്ചകളിലൂടെയും കൂടിയാലോചന മുഖേനയും ഒരു കരാറിൽ അമേരിക്കയും സോവിയറ്റ് യൂണിയനും ഒപ്പുവയ്ക്കാനായി. മനുഷ്യരാശിയെ സംബന്ധിച്ച് ആ കരാർ വൻനേട്ടമായി കരുതപ്പെട്ടു.
56 വർഷങ്ങൾക്കുമുൻപ് നവംബർ 22ന് ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ചെറുപ്പക്കാരനായ പ്രസിഡന്റ് കെന്നഡി ടെക്സാസിലെ ഡാലസ് നഗരത്തിൽ തുറന്ന കാറിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുന്നതിനിടെ വാടകക്കൊലയാളിയുടെ വെടിയുണ്ടകൾക്കിരയായി.
(ലേഖകന്റെ ഫോൺ: 9447067877)