തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ കാറിന്റെ ടയർ പല തവണ അനാവശ്യമായി മാറ്റിയെന്ന ആരോപണം ഇന്നലെ ട്രോളർമാരും ആഘോഷിച്ചു. രണ്ടു വർഷത്തിനിടെ 34 ടയർ മാറ്റിയതായാണ് വിവരാവകാശപ്രകാരമുള്ള രേഖ. അതിനിടെ ടയർ മാറ്റിയതിനെ ന്യായീകരിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പും എത്തി.
വാഹനത്തിന്റെ ടയറിനു ശരാശരി ലഭിക്കുന്നത് 20,000 കിലോമീറ്ററാണെന്നും കാർ ഓടിയത് ഒന്നേകാൽ ലക്ഷം കിലോമീറ്ററാണെന്നും അതിൽ ഭൂരിഭാഗവും ഹൈറേഞ്ചിലാണെന്നുമാണു മന്ത്രിയുടെ വിശദീകരണം.
ടയർ മാറ്റുന്നത് ടൂറിസം വകുപ്പാണ്. മന്ത്രി ടയർ മാറ്റി പണം കൈപ്പറ്റുകയല്ലെന്നും എം.എം. മണി ഫേസ്ബുക്കിൽ കുറിച്ചു. തെറ്റിദ്ധരിപ്പിക്കുന്നവർക്ക് വേണ്ടിയല്ല തെറ്റിദ്ധരിച്ചവർക്കുവേണ്ടി മാത്രം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
വിവരാവകാശത്തിൽ കിട്ടിയ ഒരു ടയർ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ... ട്രോളർമാർ ട്രോളട്ടെ ... തമാശയല്ലേ, ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.
എന്നാൽ അതു നിർദോഷമായ ഒരു തമാശ എന്ന നിലയിൽ നിന്ന് അപവാദ പ്രചാരണത്തിനുള്ള ഉപാധിയായി മാറുമ്പോൾ വസ്തുതയും തെറ്റിദ്ധരിക്കപ്പെട്ടവർ അറിയണമല്ലോ എന്ന് തോന്നി.
എനിക്ക് അനുവദിച്ച ഇന്നോവ ക്രിസ്റ്റ കാറിന്റെ ടയർ 34 എണ്ണം മാറി.
ഈ കാർ ആ പറയുന്ന കാലഘട്ടത്തിൽ ആകെ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്കുകൂടി പറയേണ്ടതുണ്ട്.
സാധാരണ റോഡുകളിൽ ഓടുമ്പോൾ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകൾക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി.മീ. മാത്രമാണ്.
ഈ കാർ ഈ കാലയളവിൽ ആകെ ഓടിയത് 1,24,075 കി.മീ. ആണ്. ഇതിൽ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ സമയത്ത് ഓടിയെത്താൻ അത്യാവശ്യം വേഗത്തിൽ തന്നെയാണ് വണ്ടി പോയിട്ടുള്ളത്. ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും 14597 കിലോമീറ്റർ മൈലേജ് ടയറുകൾക്ക് കിട്ടിയിട്ടുണ്ട്- ഇതാണ് കുറിപ്പ്