തിരുവനന്തപുരം: സർവതല സ്‌പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും എല്ലാവരും ചേർന്നുവേണം നവകേരളം സൃഷ്ടിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി സർക്കാർ മുന്നിൽ നിൽക്കും. കവടിയാർ ഉദയ് പാലസിൽ 24 ന്യൂസ് ചാനൽ സംഘടിപ്പിച്ച നവകേരളത്തെ കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള പുനർനിർമാണം സർക്കാരിന്റെ മാത്രം ചുമതലയല്ല. പുനർനിർമ്മാണം എങ്ങനെ ആയിരിക്കണം, എന്തായിരിക്കണം എന്നതിന് എല്ലാവരുടെയും അഭിപ്രായം വേണം. പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം പാടില്ല. കാലാനുസൃതമായ വേഗത എല്ലാകാര്യങ്ങളിലും ഉണ്ടാകണം. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങളാണ് ആകർഷിക്കേണ്ടത്. സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തണം. ആഗ്രഹിക്കുന്ന തരത്തിൽ കാലതാമസമില്ലാതെ കാര്യങ്ങൾ നടപ്പാക്കുന്ന സംസ്‌കാരം ആർജ്ജിച്ചാൽ മാത്രമേ അതിവേഗം മുന്നേറാനാകൂ. ഇതിനായി ഉദ്യോഗസ്ഥർ പുതിയ രീതികൾ സ്വായത്തമാക്കണം. നാടാകെ വികസിക്കുമ്പോഴാണ് വികസനം പൂർണമാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, സാങ്കേതിക വിഷയ വിദഗ്ദ്ധർ, വ്യാവസായിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.