തിരുവന്തപുരം : അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല. മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കാട്ടിൽ കൊണ്ടുപോയി വെടിവച്ചതുമല്ല. തണ്ടർബോൾട്ട് തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിവച്ചു. സ്വയരക്ഷയ്ക്കായി തണ്ടർബോൾട്ട് തിരിച്ചടിച്ചു. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകളോട് ഇതിനെ താരതമ്യപ്പെടുത്തണ്ട. നിരോധിത സംഘടനകളിലുള്ളവരെ വെടിവച്ചു കൊല്ലുന്ന നിലപാട് സർക്കാരിനില്ല. പക്ഷേ, എ.കെ - 47 തോക്കിലെ വെടി ഏറ്റുവാങ്ങേണ്ടവരല്ല പൊലീസ്. എ.കെ -47, എ.കെ- 56, ബോംബുനിർമ്മാണ സാമഗ്രികൾ എന്നിവയുമായാണ് മാവോയിസ്റ്റുകൾ കാട്ടിൽ തമ്പടിച്ചത്. ക്രമസമാധാനവും ജനാധിപത്യ ജീവിതക്രമവും നിലനിറുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭരണകൂടം അടിച്ചമർത്തിയാലും ആശയങ്ങൾ തകരില്ലെന്ന ബോദ്ധ്യം സർക്കാരിനുണ്ട്. മനുഷ്യജീവൻ നഷ്ടപ്പെട്ടത് നിർഭാഗ്യകരമാണ്. മാവോയിസ്റ്റായതു കൊണ്ട് ഒരാളും കൊല്ലപ്പെടില്ല. ഇത്തരമൊരു സാഹചര്യം കേരളത്തിൽ അനുവദിക്കില്ല. മാവോയിസ്റ്റുകൾക്ക് സി.പി.എമ്മിനോട് ശത്രുതയുണ്ടായിട്ടും ഭരണകൂടം ആയുധമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യരുതെന്നാണ് പണ്ടേ സ്വീകരിച്ചിരുന്ന നയം. വിശാലമായ മാനുഷികമൂല്യം ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രമാണ് ഞങ്ങളുടേത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ യു.എ.പി.എ ചുമത്തി ആളുകളെ വേട്ടയാടിയിരുന്നത് ഞങ്ങൾ അധികാരത്തിലെത്തിയപ്പോൾ തിരുത്തി. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന് ഒറ്റതിരിഞ്ഞ് ഭീകരപ്രവർത്തനം നടത്തുന്നവരെ നേരിടും.
ആയുധധാരികൾ ആക്രമിച്ചപ്പോൾ, പൊലീസിന് പരിക്കു പറ്റിയില്ലെന്നതിലാണ് പ്രതിപക്ഷത്തിന് വിഷമം. ആയുധങ്ങളുമായി മാവോയിസ്റ്റുകൾ കാട്ടിലുള്ളതിനാലാണ് മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവർത്തകരെയും വനത്തിലേക്ക് കടത്തിവിടാത്തത്. മാവോയിസ്റ്റുകൾക്ക് വല്ലാത്ത പരിവേഷം ചാർത്തുന്നത് ശരിയല്ല. 'അയ്യാ ലേശം അരി താ...' എന്ന് അരി ചോദിക്കുന്നവർ മാത്രമല്ല മാവോയിസ്റ്റുകൾ. എന്നാലും അട്ടപ്പാടിയിലുണ്ടായ സംഭവത്തിൽ സർക്കാർ സന്തോഷിക്കുന്നില്ല.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാന്യമായി പ്രവർത്തിക്കാൻ കേരളത്തിൽ അവകാശമുണ്ട്. തെറ്റിനോട് പോരാടാൻ സമരം നടത്താം. ആയുധം ഉപേക്ഷിച്ച് വരുന്നവരെ സംരക്ഷിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിച്ചതാണ്. കീഴടങ്ങുന്നവർക്ക് പണവും തൊഴിൽ, സംരംഭക അവസരവും നൽകും. മാവോയിസ്റ്റുകളെ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. ഈ അവസരം മാവോയിസ്റ്റുകൾ ഉപയോഗിക്കണം. സംസ്ഥാന വികസനത്തിന് സംഭാവന ചെയ്യാൻ മാവോയിസ്റ്റുകളോട് അഭ്യർത്ഥിക്കുന്നു. മാവോയിസ്റ്റുകളെ ശരിയായ രാഷ്ട്രീയ പാതയിലെത്തിക്കാൻ ശ്രമിക്കും. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയെടുക്കും. അഗളി പൊലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.
- നിയമസഭയിൽ എൻ. ഷംസുദ്ദീന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.