ponmudi

വിതുര: പൊൻമുടി വനമേഖലയിൽ മഴ ശക്തം. ഇന്നലെ ഉച്ചയ്ക്ക് അനുഭവപ്പെട്ട കനത്തമഴയിലും കാറ്റിലുംപെട്ട് പൊൻമുടി മൂന്നാം വളവിന് സമീപം റോഡരികിൽ നിന്ന വൻ മരം കടപുഴകി. പൊൻമുടി - കല്ലാർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വിതുരയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി ഏറെ പണിപ്പെട്ടാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കാറ്റിൽ റബർ എസ്റ്റേറ്റുകളിലും വിളകളിലുമായി നിരവധി മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. ശക്തമായ മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയും, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു.