kanyakumari-sunset

കുഴിത്തുറ: തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ല രൂപവത്കരിച്ചിട്ട് നാളെ 63 വർഷം തികയുന്നു. പഴയ തിരുവിതാകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ല 1956 നവംബർ 1നാണ് തമിഴ്നാടിനു നൽകിയത്. തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നി താലൂക്കുകൾ ചേർന്നാണ് പുതിയ കന്യാകുമാരി ജില്ല രൂപീകരിച്ചത്. ''കേരളത്തിൽ നിന്നാണ് നിങ്ങൾ തമിഴ്‌നാട്ടിലേക്ക് വന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിലും സാമ്പത്തികമായും നിങ്ങൾ വളർച്ച പ്രഖ്യാപിച്ചവരാണ്.

എന്നാൽ ആരൽവാമൊഴിക്ക് കിഴക്കുള്ളവർ ഈ നിലയ്ക്ക് എത്തണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കും. അതുവരെ നിങ്ങൾക്കായി ഒന്നും ചെയ്യാൻ ഞങ്ങൾക്കാകില്ല''. 1956 നവംബർ 1ന് നാഗർകോവിലിൽ നടന്ന ചടങ്ങിൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജിന്റെ പ്രസംഗത്തിലെ വാക്കുകളാണിത്. ഈ പ്രസംഗം കഴിഞ്ഞ് 63വർഷം കഴിഞ്ഞിട്ടും കന്യാകുമാരി ജില്ലയ്ക്ക് പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല. പ്രകൃതിയെ നശിപ്പിച്ച് ജില്ലയിൽ പരക്കെ വ്യാപിച്ച റബർ കൃഷി ഒരു വിഭാഗം ജനങ്ങളെ സാമ്പത്തികമായി ഉയർച്ചയിൽ എത്തിച്ചെങ്കിലും മറ്റ് മേഖലകളിൽ കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. ജില്ലയ്ക്ക് നാളെ കളക്ടർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.