വിതുര : കനത്ത മഴയിൽ നദികൾ കരകവിഞ്ഞ് ഒഴുകുമ്പോഴും കുടിവെള്ളത്തിനായി കാത്തിരിക്കുകയാണ് വിതുര ശാസ്താംകാവ് നിവാസികൾ. പ്രദേശമാകെ വെള്ളം നിറഞ്ഞിട്ടും വാട്ടർ അതോറിട്ടി പൈപ്പ് ലൈനിലൂടെ വെള്ളം വരാത്ത വിരോധാഭാസമാണ് ഇവിടുത്തുകാർ അനുഭവിക്കുന്നത്. വിതുര പഞ്ചായത്തിലെ ഗണപതിയാംകോട് വാർഡിലെ ശാസ്താംകാവിൽ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ള നിരവധി ഉപഭോക്താക്കളാണ് പൈപ്പ് ജലം ലഭിക്കാത്തതുമൂലം ദിവസങ്ങളായി ബുദ്ധിമുട്ടുന്നത്. ഇവിടെ പൈപ്പിലൂടെ വെള്ളം എത്തിയിട്ട് ഒരാഴ്ചയാകുന്നു. പ്രശ്നം വാട്ടർ അതോറിട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികൾ സ്വീകരിക്കാൻ വിമുഖത കാട്ടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കനത്ത മഴയിൽ തൊട്ടടുത്തുകൂടി വാമനപുരം നദി നിറഞ്ഞൊഴുകുമ്പോഴാണ് ശാസ്താംകാവുകാർ കുടിവെള്ളം ലഭിക്കാതെ അധികാരികളുടെ മുന്നിൽ പരാതിയുമായി നിൽക്കുന്നത്. വെള്ളക്കരം അടയ്ക്കാൻ ഒരു ദിവസം മുടങ്ങിയാൽ കണക്ഷൻ വിച്ഛേദിക്കുന്ന അധികാരികൾ ഒരാഴ്ചയായിട്ടും പൈപ്പ് ജലം നൽകാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പൈപ്പ് പൊട്ടി ഒഴുകുന്നു
ശാസ്താംകാവ് നിവാസികൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ തൊട്ടടുത്ത് ഖാദി ജംഗ്ഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. പമ്പിംഗ് നടത്തുന്ന ജലം മുഴുവൻ നഷ്ടപ്പെട്ടിട്ടും നടപടികളില്ല. ഇവിടെ പൈപ്പ് പൊട്ടി ഒഴുന്നതുമൂലമാണ് ഹൗസ് കണക്ഷൻ എടുത്തിട്ടുള്ളവർക്ക് വെള്ളം ലഭിക്കാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് പൊട്ടുന്ന മേഖലകളിൽ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ള മിക്ക വീടുകളിലും വെള്ളം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. മാത്രമല്ല കേടായ പൈപ്പുകൾ യഥാസമയം നന്നാക്കാറുമില്ലത്രെ.