തിരുവനന്തപുരം: പ്രവാസികളുടെ പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവിലുള്ള 2000 രൂപ വർദ്ധിപ്പിക്കണമെന്നാണ് സർക്കാരിനുള്ളത്. 2019-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികൾക്കും അവരുടെ ജീവിത പങ്കാളികൾക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.
പ്രവാസി മലയാളികളിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ സ്വീകരിച്ച് അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് പദ്ധതി. കിഫ്ബിയാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള ഏജൻസി. പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്താണ് നിക്ഷേപകർക്ക് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് നൽകുന്നത്. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവർഷത്തെ ഡിവിഡന്റും നോമിനിക്കോ അനന്തരാവകാശിക്കോ കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നൽകുന്നത് അവസാനിക്കും.
രണ്ട് കോടി രൂപ ഇതിനായി ഇപ്പോൾ വകയിരുത്തിയിട്ടുണ്ട്. നവംബർ പകുതിയോടെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കും. ലോക കേരള സഭ ലോകത്തിന് തന്നെ വലിയ മാതൃകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.