kongrass

പാറശാല: വാളയാറിൽ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉദിയൻകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പാറശാല, ചെങ്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ. കോൺഗ്രസ് ജില്ലാ നേതാക്കളായ എം.ആർ.സൈമൺ, വട്ടവിള വിജയൻ, ഉഷാകുമാരി, മണ്ഡലം പ്രസിഡന്റ് എൻ.പി.രഞ്ചിത്ത്റാവു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി തുടങ്ങി പ്രമുഖനേതാക്കൾ നേതൃത്വം നൽകി. കേസ് പുനരന്വേഷിക്കണമെന്ന് പ്രകടനത്തിന്റെ സമാപനയോഗത്തിൽ തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വട്ടവിള വിജയൻ ആവശ്യപ്പെട്ടു. മരണപ്പെട്ട കുട്ടികൾക്ക് തുടർന്നും നീതി നിഷേധിച്ചാൽ വൻ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തയ്യാറാകുമെന്നും, ഇടതുപക്ഷ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും പറഞ്ഞു.