തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നടപടി ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിക്കൊണ്ട്, മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ
ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ തുറന്നടിച്ചു. വ്യാജ ഏറ്റുമുട്ടൽ അല്ലെന്നും പൊലീസ് ആത്മരക്ഷാർത്ഥം വെടിവച്ചതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ സമർത്ഥിച്ചപ്പോൾ, മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പൊലീസ് തൊട്ടടുത്തുനിന്ന് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടെന്നാണ് കാനം തിരിച്ചടിച്ചത്. ഇതോടെ വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുത്തിക്കൊണ്ട്, രാഷ്‌ട്രീയ എതിരാളികളായ കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ ആയുധം ഉപയോഗിച്ച് ഭരണകൂടം ഉന്മൂലനം ചെയ്യുന്നതിനെ ചൊല്ലി ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷികളായ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പരസ്യമായി ഇടഞ്ഞിരിക്കുകയാണ്.
വ്യാജ ഏറ്റുമുട്ടൽ തന്നെ: കാനം
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് മനസിലാക്കുന്നത്. മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ക്ലോസ് റെയ്‌ഞ്ചിൽ നിന്ന് വെടിവച്ചുവെന്നാണ് സി.പി.ഐ പ്രാദേശിക ഘടകം പറയുന്നത്. സംഭവം നടന്ന പുതൂർ പഞ്ചായത്ത് ഭരിക്കുന്നത് എൽ.ഡി.എഫാണ്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗമാണ്. സംഭവത്തെ പറ്റ് മജിസ്‌ട്രേട്ട് തല അന്വേഷണം വേണം. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരം. പൊലീസ് തന്ന വിധി നടപ്പാക്കേണ്ട. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് എക്കാലവും ഇടത് പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും അവരുയർത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചാൽ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഒരു പൊതുമിനിമം പരിപാടി നടപ്പിലാക്കാനാണ് എൽ.ഡി.എഫ് സർക്കാർ ഭരിക്കുന്നത്. ഈ മിനിമം പരിപാടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഇല്ല. അതിൽ സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
മണിവാസകത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അയാളുടെ കൈയിൽ എ.കെ 47 തോക്ക് ഉണ്ടെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ല. ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റോ? തണ്ടർബോൾട്ടിന്റെ ഇത്തരം നടപടികൾക്ക് കേരള പൊലീസ് കൂട്ടുനിൽക്കണമെന്നില്ല. വ്യാജ ഏറ്റുമുട്ടലിനെതിരെ ആന്ധ്രയിൽ ഹർത്താൽ നടത്തിയ പത്ത് ഇടതുപക്ഷ പാർട്ടികളിലൊന്ന് സി.പി.എമ്മാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ശക്തമായ നിലപാട് ഇടതു പാർട്ടികൾ സ്വീകരിച്ചിരുന്നു
മുഖ്യമന്ത്രി ഒരു കാര്യം പറയുന്നത് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് അതിനെ ന്യായീകരിച്ച് മാത്രമേ റിപ്പോർട്ട് നൽകൂ. അതുകൊണ്ടാണ് മജിസ്റ്റീരിയൽ അന്വേഷണം ആവശ്യപ്പെടുന്നത്. സി.പി.ഐക്കും സി.പി.എമ്മിനും കിട്ടിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സഭയിൽ പറയാനാകില്ല.