തിരുവനന്തപുരം: നിർദ്ധനരായ 1700 കിടപ്പുരോഗികൾക്ക് പ്ലാസ്റ്റിക് രഹിത ഡയപ്പറുകൾ സൗജന്യമായി നൽകുന്ന പദ്ധതി നഗരസഭ കൗൺസിലിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം നഗരസഭ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡയപ്പറുകൾ നഗരസഭ സ്ഥാപിച്ചിട്ടുള്ള ഇൻസിനറേറ്ററുകളിൽ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും നഗരസഭ അറിയിച്ചു. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ 'തണൽ പാലിയേറ്റീവ് കെയർ' 100 വാർഡുകളിൽ നടത്തി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 10 പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ 3528 രോഗികളുണ്ട്. യൂണിറ്റിൽ മരുന്നുകളും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നത് സർക്കാർ ഉത്തരവ് പ്രകാരമാണ്. ഓരോ യൂണിറ്റിലും 170 കിടപ്പുരോഗികളുണ്ട്. നിലവിൽ തണൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിമാണ് പരാതിക്കാരൻ.