കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന നെഹ്റു സ്മൃതിമണ്ഡപം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പൊളിച്ചുനീക്കിയെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ സത്യാഗ്രഹംനടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്‌തു. ജവഹർലാൽ നെഹ്റുവിന്റെ സ്‌മരണാർത്ഥം 1962ലാണ് ബ്ലോക്ക് പഞ്ചായത്ത് ആഫീസ് നിർമ്മാണത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപം സ്ഥാപിച്ചത്. കോൺഗ്രസ് അംഗങ്ങളായ അഡ്വ. എസ്. കൃഷ്ണകുമാർ, അഡ്വ. എം. അൽത്താഫ്, കുന്നുംപുറം വാഹിദ്, എസ്. വസന്തകുമാരി, എസ്. ജലജകുമാരി, ജോളിപത്രോസ് തുടങ്ങിയവർ പങ്കെടുത്തു. അതേസമയം നവീകരണ പ്രവ‌ർത്തനവുമായി ബന്ധപ്പെട്ട് ബ്ളോക്ക് ഓഫീസ് വളപ്പിലേക്ക് വന്ന ജെ.സി.ബി തട്ടിയാണ് പഴക്കം ചെന്ന സ്മ‌ൃതി മണ്ഡപം പൊളിഞ്ഞതെന്നും ഉചിതമായ സ്ഥലത്ത് പുതിയത് നി‌ർമ്മിക്കുന്നുമെന്നും പ്രസിഡന്റ് ഷാനിഫ ബീഗം പറഞ്ഞു.