തിരുവനന്തപുരം: രാജ്യത്തിന്റെ വിശാല താത്പര്യവും ഭാവിയും കണക്കിലെടുത്ത് ആർ.സി.ഇ.പി കരാർ ഒപ്പു വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.

പാർലമെന്റിൽ ചർച്ച ചെയ്യാതെയും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയും മേഖലാ സമഗ്ര സാമ്പത്തിക ധാരണയിൽ ഒപ്പുവയ്ക്കാനുള്ള കേന്ദ്ര നീക്കം രാജ്യത്താകെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കരാറിലെ പങ്കാളിത്ത രാജ്യങ്ങളിൽ നിന്ന് ഒരു വിധ നിയന്ത്റണവും നികുതിയുമില്ലാതെ ഇന്ത്യയിലേക്ക് ഉത്പന്നങ്ങളും സേവനങ്ങളും ഒഴുകി വന്നാൽ നമ്മുടെ കാർഷിക ,ചെറുകിട വ്യവസായ, ക്ഷീരസംരക്ഷണ , മത്സ്യബന്ധന, ആരോഗ്യ മേഖലകൾ തകർച്ചയിലാവും. ഭയാനകമായ തൊഴിൽ നഷ്ടവും സാമ്പത്തിക സാമൂഹിക പ്രതിസന്ധിയുമായിരിക്കും അതിന്റെ ഫലം. കർഷകർ കടുത്ത മത്സരവും വൻ വിലത്തകർച്ചയും നേരിടേണ്ടിവരും.കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾ ഒരു നിയന്ത്റണവുമില്ലാതെ ഇന്ത്യയിലെത്തുമ്പോൾ ചെറുകിട വ്യവസായങ്ങൾ തകർച്ചയിലാകും. കരാറിന്റെ ഭാഗമാകുന്ന ജപ്പാന്റെ നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ മരുന്നിനും,അവശ്യസാധനങ്ങൾക്കും അനിയന്ത്റിത വിലക്കയ​റ്റമുണ്ടാകുമെന്നും . പ്രമേയത്തിൽ പറയുന്നു.