australia-cricket
australia cricket

ബ്രിസ്ബേൻ : ശ്രീലങ്കയ്ക്കെതിരായ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒൻപത് വിക്കറ്റിന് ജയിച്ച് ആതിഥേയരായ ആസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരത്തിൽ ആസ്ട്രേലിയ 134 റൺസിനാണ് ജയിച്ചിരുന്നത്. അവസാന ട്വന്റി 20 വെള്ളിയാഴ്ച മെൽബണിൽ നടക്കും.

ബ്രിസ്ബേനിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 19 ഒാവറിൽ 117 റൺസിന് ആൾ ഒൗട്ടാക്കിയ കംഗാരുക്കൾ 13 ഒാവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.,

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റാൻലേക്ക്, കമ്മിൻസ്, ആഷ്‌ടൺ അഗർ, ആദം സാംപ എന്നിവരുടെ ബൗളിംഗ് മികവിലാണ് ആതിഥേയർ ലങ്കയെ എറിഞ്ഞുവീഴ്ത്തിയത്. 27 റൺസടിച്ച കുശാൽ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ. ഗുണതിലക 21 റൺസടിച്ചു. അവിഷ്ക ഫെർണാൻഡോ (17), വാണിന്ദു ഹസരംഗ (10), ഇസുറു ഉഡാന (10) , സന്ദാകൻ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാൻമാർ.

മറുപടിക്കിറങ്ങിയ ഒാസീസിന് ഒാപ്പണറും നായകനുമായ ആരോൺഫിഞ്ചിനെ (0) ആദ്യ ഒാവറിൽ നഷ്ടമായെങ്കിലും ഡേവിഡ് വാർണർ (60 നോട്ടൗട്ട്), സ്റ്റീവൻ സ്മിത്ത് (53 നോട്ടൗട്ട്) എന്നിവരുടെ അപരാജിത അർദ്ധ സെഞ്ച്വറികൾ ഏഴോവറുകൾ ശേഷിക്കേ വിജയം നൽകുകയായിരുന്നു. 41 പന്തുകളിൽ ഒൻപത് ബൗണ്ടറിയടക്കം 60 റൺസ് നേടിയ വാർണറാണ് മാൻ ഒഫ് ദ മാച്ച്.