. റയൽ വല്ലാഡോലിഡിനെ 5-1ന് കീഴടക്കി
ബാഴ്സലോണ വീണ്ടും ഒന്നാംസ്ഥാനത്ത്
മാഡ്രിഡ് : കഴിഞ്ഞദിവസങ്ങളിൽ തങ്ങളെ മറികടന്നിരുന്ന ഗ്രനാഡയെയും റയൽ സോസിഡാഡിനെയുമൊക്കെ മറികടന്ന് നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ സ്പാനിഷ് ലാലിഗ ഫുട്ബാളിൽ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി. കഴിഞ്ഞ രാത്രി റയൽ വല്ലഡോലിഡിനെതിരെ നേടിയ 5-1ന്റെ തകർപ്പൻ ജയമാണ് ബാഴ്സയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
രണ്ടു ഗോളുകൾ സ്കോർ ചെയ്യുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയുടെ വിജയശില്പി. മത്സരത്തിന്റെ രണ്ടാം മിനിട്ടിൽത്തന്നെ ക്ളെമന്റ് ലെൻഗ്ളെറ്റിന്റെ ഗോളിലൂടെ ബാഴ്സ മുന്നിലെത്തിയിരുന്നു. 15-ാം മിനിട്ടിൽ കിക്കോഒലിവാസിലൂടെ വല്ലഡോലിഡ് കളി സമനിലയാക്കിയെങ്കിലും അർടുറോ വിദാലും മെസിയും സ്കോർ ചെയ്തതോടെ ബാഴ്സ ആദ്യപകുതിയിൽ 3-1ന് ലീഡ് ചെയ്തിരുന്നു. രണ്ടാംപകുതിയിൽ മെസിയും സുവാരേസും സ്കോർ ചെയ്താണ് പട്ടിക പൂർത്തിയാക്കിയത്. വിദാലിന്റെയും സുവാരേസിന്റയും ഗോളുകൾക്ക് വഴിയൊരുക്കിയത് മെസിയാണ്.
ഇൗ വിജയത്തോടെ ബാഴ്സയ്ക്ക് 10 മത്സരങ്ങളിൽനിന്ന് 22 പോയിന്റായി. രണ്ടാംസ്ഥാനത്തുള്ള ഗ്രനാഡയ്ക്ക് 20 പോയിന്റേയുള്ളൂ. കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ ഡിപോർട്ടീവോ അലാവേസിനോട് 1-1ന് സമനിലയിൽ പിരിഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡ് 20 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. 70-ാം മിനിട്ടിൽ മൊറാട്ടയിലൂടെ അത്‌ലറ്റിക്കോയാണ് ആദ്യം സ്കോർ ചെയ്തത്. 83-ാം മിനിട്ടിൽ ലൂക്കാസ് പെരെസിലൂടെയാണ് അലാവേസ് സമനില പിടിച്ചത്.
ഗോളുകൾ ഇങ്ങനെ
1-0
2-ാം മിനിട്ട്
ക്ളെമന്റ്
1-1
15-ാം മിനിട്ട്
കിക്കോ ഒലിവാസ്
2-1
29-ാം മിനിട്ട്
വിദാൽ
3-1
34-ാം മിനിട്ട്
മെസി
4-1
75-ാം മിനിട്ട്
മെസി
5-1
77-ാം മിനിട്ട്
സുവാരേസ്
50
വല്ലഡോലിഡിനെതിരെ മെസി ആദ്യഗോൾ നേടിയത് ഫ്രീകിക്കിൽ നിന്നാണ്. ഇത് 50-ാം തവണയാണ് മെസി ഫ്രീകിക്ക് ഗോളാക്കുന്നത്. (ബാഴ്സയ്ക്കായി 44, അർജന്റീനയ്ക്കായി 6).
പോയിന്റ് നില
ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ
ബാഴ്സലോണ 10-22
ഗ്രനാഡ 10-20
അത്‌ലറ്റിക്കോ 11-20
സോസിഡാഡ് 10-19
സെവിയ്യ 10-19