തിരുവനന്തപുരം: ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും പൊലീസിന് വെടി ഏൽക്കാത്തതിലാണോ നിങ്ങൾക്ക് പ്രയാസമെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തെ മോദിയുമായി ഉപമിച്ച് സി.പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
'പൊലീസിന് വെടി ഏൽക്കാത്തത് കൊണ്ടാണോ നിങ്ങൾക്ക് പ്രയാസം എന്നാണ് ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും ചോദിച്ചതെന്ന്' കാനം പറഞ്ഞു. 'അവസാനം ആ കേസിൽ സുപ്രീം കോടതി പറഞ്ഞത് തന്നെ താൻ ഇവിടെയും ചോദിക്കാൻ ആഗ്രഹിക്കുന്നു. ഒരു പൊലീസുകാരനെങ്കിലും പരിക്കേറ്റോ?. അതോ അവരുടെ വെടി മരത്തിലാണോ കൊണ്ടത്. ഇത്തരം അർത്ഥശൂന്യമായ വാദങ്ങൾ ശരിയാണോ എന്ന് ആലോചിക്കണമെന്ന് കാനം പറഞ്ഞു.
മാവോയിസ്റ്റ് ഏറ്റുമുട്ടലായിരുന്നെങ്കിൽ പൊലീസിന് ഒരു വെടിയെങ്കിലും കൊല്ലേണ്ടതല്ലേ എന്ന് നിയമസഭയിൽ എം.ഷംസുദീൻ എം.എൽ.എ ചോദിച്ചപ്പോൾ ,പൊലീസിന് വെടികൊള്ളാത്തതാണോ അംഗത്തിന് വിഷമമെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇതിനാണ് കാനം മറുപടി പറഞ്ഞത്.