ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണിനെതിരെ 3-1ന് വിജയം നേടി ക്വാർട്ടറിൽ പ്രവേശിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെർജി അഗ്യൂറോയുടെ ഇരട്ട ഗോളുകളും നിക്കോളാസ് ഒാട്ടമെൻഡിയുടെ ഗോളുമാണ് ആതിഥേയർക്ക് വിജയം നൽകിയത്.
20-ാം മിനിട്ടിൽ ഒട്ടാമെൻഡിയിലൂടെയാണ് സിറ്റി സ്കോറിംഗ് തുടങ്ങിയത്. 38-ാം മിനിട്ടിലും 56-ാം മിനിട്ടിലും അഗ്യൂറോ വല കുലുക്കി. 75-ാം മിനിട്ടിൽ സ്റ്റീഫൻസാണ് സതാംപ്ടണിന്റെ ആശ്വാസഗോൾ നേടിയത്. കഴിഞ്ഞദിവസം ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ഒൻപത് ഗോളുകൾക്ക് തോറ്റിരുന്നതിന്റെ നാണക്കേട് മായുംമുമ്പാണ് സതാംപ്ടണിന്റെ അടുത്ത തോൽവി.
മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 3-1ന് ബർട്ടൺ അൽബിയോണിനെയും എവർട്ടൺ 2-0 ത്തിന് വാറ്റ് ഫോർഡിനെയും കീഴടക്കി ക്വാർട്ടറിലെത്തി.