തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം. വാളയാറിൽ പീഡിപ്പിക്കപ്പെട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികളുടെ നീതിക്കായി കാമ്പസിൽ കെ.എസ്.യു സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് പിന്നാലെ എസ്.എഫ്.ഐ അതിക്രമം അഴിച്ചുവിട്ടു. കെ.എസ്.യുവിന്റെ കൊടിതോരണങ്ങളും പ്ലക്കാർഡുകളും പോസ്റ്ററുകളും വലിച്ചുകീറുകയും കെ.എസ്.യു പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വാളയാർ കേസിൽ കുറ്റവാളികൾക്കും അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കുമെതിരെ പ്ലക്കാർഡുകളും പോസ്റ്ററുകളും കെ.എസ്.യു കാമ്പസിൽ ഉയർത്തിയിരുന്നു. നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ഇതിൽ വിറളിപൂണ്ട എസ്.എഫ്.ഐ പ്രവർത്തകർ പരിപാടി കഴിഞ്ഞയുടൻ തന്നെ ഗുണ്ടായിസം കാട്ടുകയായിരുന്നെന്ന് കെ.എസ്.യു ആരോപിച്ചു. വിദ്യാർത്ഥിനിക്കെതിരെ അതിക്രമം നടത്തിയതിനും കോളേജിലെ ജനൽചില്ലുകൾ ഉൾപ്പെടെ അടിച്ചുതകർത്തതിനും മുമ്പ് സസ്പെൻഷൻ ലഭിച്ചിട്ടുള്ള എസ്.എഫ്.ഐ നേതാവായ അമൽ പ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. സംഭവത്തിൽ എസ്.എഫ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രിൻസിപ്പലിന് പരാതി നൽകി. പരാതി പൊലീസിന് കൈമാറണമെന്നും പ്രിൻസിപ്പലിനോട് കെ.എസ്.യു ആവശ്യപ്പെട്ടു. വാളയാർ സംഭവത്തിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിവേഴ്സിറ്റി കോളേജിലും പ്രതിഷേധം നടത്തിയത്.
കലാലയത്തിൽ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിന്റെയും പൊലീസിന്റെയും കോളേജിന്റെ തലവനായ പ്രിൻസിപ്പലിന്റേതും കൂടിയാണ്. കൊടിമരം സ്ഥാപിക്കേണ്ട സാഹചര്യം ഉൾപ്പെടെ നിലനിൽക്കുമ്പോൾ കോളേജ് അധികൃതരിൽ നിന്നു നിഷ്പക്ഷമായ ഇടപെടൽ ആവശ്യമാണ്.
-അമൽ ചന്ദ്ര. സി, കെ.എസ്.യു
യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്സിറ്റി കോളേജ്
ഈ സംഭവത്തിൽ എസ്.എഫ്.ഐയ്ക്ക് പങ്കില്ല. കെ.എസ്.യുവിന്റെ പ്രതിഷേധ പരിപാടിക്ക് ശേഷം എസ്.എഫ്.ഐ പ്രവർത്തകർ ആരും കൊടിതോരണങ്ങളോ പ്ലക്കാർഡുകളോ നശിപ്പിച്ചിട്ടില്ല.
അഭിജിത്ത്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്