delhi-smog-and-cricket
delhi smog and cricket

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും കനത്ത ന്യൂഡൽഹിയിൽ നവംബർ 3ന് ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം നടക്കുന്നത് സംശയത്തിലായി. ദീപാവലി ആഘോഷങ്ങൾക്കുശേഷം അന്തരീക്ഷത്തിലെ പുകയുടെ അളവ് ക്രമാതീതമായി ഉയർന്നതാണ് മത്സരത്തെ ആശങ്കയിലാഴ്ത്തുന്നത്.

ന്യൂഡൽഹിയിൽ ഇൗ സാഹചര്യത്തിൽ മത്സരം നടത്തുന്നത് കളിക്കാരുടെ ജീവനുതന്നെ ആപത്താണെന്ന് കഴിഞ്ഞ ദിവസം പരിസ്ഥിതി സംഘടനകൾ ബി.സി.സി.ഐ യുടെ പുതിയ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കത്തെഴുതിയിരുന്നു. ഡൽഹിയിലെ എം.പിയായ മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവരും മത്സരത്തെക്കാൾ പ്രധാനം മനുഷ്യജീവനാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ആറുവർഷത്തെ അപേക്ഷിച്ച് ഒക്ടോബർ-നവംബർ മാസങ്ങളിലെ അന്തരീക്ഷ മലിനീകരണം ഇത്തവണ കുറവാണെന്നാണ് കണക്കുകൾ. ഇക്കുറി ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിക്കുന്നത് കുറയ്ക്കാൻ ഡൽഹി സർക്കാർ ബോധവത്കരണം നടത്തിയിരുന്നു.

ഡൽഹിയിൽ മത്സരം നടന്നാലും ഇല്ലെങ്കിലും അതൊരു വലിയ കാര്യമല്ല, ശുദ്ധമായ അന്തരീക്ഷം ഡൽഹിക്കാർക്ക് ലഭിക്കുകയാണ് വേണ്ടത്. മത്സരം വേണമെങ്കിൽ ബി.സി.സി.ഐയക്ക് മറ്റൊരിടത്തേക്ക് മാറ്റാവുന്നതേയുള്ളൂ-ഗൗതം ഗംഭീർ.