cpi

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടെ പേരിലുള്ള 'ഏറ്റുമുട്ടൽ കൊലകൾ' സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. മാവോയിസ്റ്റ് വേട്ടയുടെ മറവിൽ കേരളത്തിൽ പച്ച മനുഷ്യനെ വെടി വച്ച് കൊല്ലുകയാണെന്നും ചില അംഗങ്ങൾ രൂക്ഷവിമർശനമുയർത്തി.

മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യാൻ തണ്ടർബോൾട്ടിന് സാദ്ധ്യത ഉണ്ടായിരുന്നിട്ടും അവരെ പിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചിലർ പറഞ്ഞു. പരിശോധനയ്ക്ക് പോയ തണ്ടർബോൾട്ടിന് 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ് കൊടുത്തത് ആരാണ്? തിരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇത് അനുവദിക്കാൻ പറ്റില്ല.

'മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ട പരിഹാരമല്ല' എന്ന പ്രമേയം സെക്രട്ടറി വായിച്ചയുടനെ ഏകകണ്ഠമായി അംഗീകരിച്ചു. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് സി.പി.ഐ യോജിക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കാനം പറഞ്ഞു. പക്ഷേ അവർ ഉയർത്തുന്ന വിഷയങ്ങൾക്ക് അടിയന്തര രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് സി.പി.ഐയുടെ അഭിപ്രായം. മാവോയിസ്റ്റുകളെ അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ത്യയിൽ നിരവധിയിടങ്ങളിൽ ആ ശ്രമങ്ങൾ ഫലം കണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.