തിരുവനന്തപുരം: മന്ത്രി എ.കെ.ബാലനെ തടയാൻ ടാഗോർ തിയേറ്ററിനു മുന്നിലേക്ക് എത്തിയ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വാളയാറിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ടി.വി അവാർഡ് വിതരണം നടക്കുന്ന ടാഗോർ തിയേറ്ററിലേക്ക് എ.ബി.വി.പി പ്രവർത്തകർ എത്തിയത്. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി ബാലൻ എത്തിയില്ല. വൈകി തുടങ്ങിയ പരിപാടിക്ക് ഉദ്ഘാടകനായത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. മന്ത്രി എത്തുംമുമ്പു തന്നെ അറസ്റ്റ് നടന്നു. സംസ്ഥാന പ്രവർത്തക സമിതി അംഗം കെ. ഷിജിൽ, സംസ്ഥാന സമിതി അംഗം എ.ആർ. നിതിൻ, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ .എം.ആർ, ജില്ലാ സംഘടനാ സെക്രട്ടറി അതുൽ കൃഷ്ണൻ .വി.ജി, ജില്ലാ കമ്മിറ്റി അംഗം കെ.പി. രഗനേഷ് എന്നിവരാണ് അറസ്റ്റിലായത്.