തിരുവനന്തപുരം: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തെ പിന്തുണച്ചും സംസ്ഥാന സർക്കാരിനെ തളളിയും സി.പി.ഐ ദേശീയ നേതൃത്വം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു. സത്യം പുറത്തു വന്നേ മതിയാകൂ. എങ്ങനെയാണ് ഇത് നടന്നതെന്നും എന്തിനാണ് മാവോയിസ്റ്റുകളെ കൊന്നതെന്നും ആരാണ് ഇത് ചെയ്‌തതെന്നും അറിയണമെന്നും അദേഹം 'ഫ്ളാഷി'നോട് പറഞ്ഞു.
വ്യാജ ഏറ്റുമുട്ടൽ ആണെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നത്. പാർട്ടി നിലപാടാണ് കാനം ഇന്നലെ വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. വെടിയുണ്ടയല്ല ഒന്നിനും പരിഹാരം. മാവോയിസ്റ്രുകൾ ശത്രുക്കളല്ലെന്ന് സംസ്ഥാന സർക്കാർ ഓർക്കണം. അവർ ഉയർത്തുന്നത് ജനകീയ പ്രശ്‌നങ്ങളാണ്. ഇത്തരം നടപടികളോട് ഇടതുപാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ ഒരിക്കലും കൂട്ടുനിൽക്കാൻ പാടില്ല. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേൽക്കാത്തത് ദുരൂഹമാണ്. മാവോവാദികളെ ആക്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയെല്ലെന്നും ഡി.രാജ പറഞ്ഞു.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നടപടി ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിക്കൊണ്ട്, മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. വ്യാജ ഏറ്റുമുട്ടൽ അല്ലെന്നും പൊലീസ് ആത്മരക്ഷാർത്ഥം വെടിവച്ചതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞപ്പോൾ മോവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പൊലീസ് തൊട്ടടുത്തുനിന്ന് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടെന്നാണ് കാനം പറഞ്ഞത്.
മുഖ്യമന്ത്രി പറഞ്ഞതിനപ്പുറമൊന്നുമില്ല: എസ്.രാമചന്ദ്രൻപിളള
സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം സി.പി.എം കേന്ദ്ര നേതൃത്വത്തിന് പറയാനില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിളള വ്യക്തമാക്കി. മാവോയിസ്റ്റുകൾ ആക്രമിച്ചാൽ തിരിച്ചുനേരിടേണ്ടി വരും. മാവോയിസ്റ്റുകളുടെ നിലപാടുകളെ ആശ്രയിച്ചായിരിക്കും സർക്കാർ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം 'ഫ്ളാഷി'നോട് പറഞ്ഞു.
സി.പി.ഐയുടെ ആക്ഷേപം കണക്കിലെടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്‌ക്ക് സർക്കാർ നടപടി സ്വീകരിക്കും. പൊലീസുകാർക്ക് പരിക്ക് പറ്റിയില്ലെന്ന് കരുതി ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്ന് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് നിർദ്ദേശങ്ങളൊന്നും പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന സർക്കാരിന് കൈമാറിയിട്ടില്ലെന്നും രാമചന്ദ്രൻപിളള വ്യക്തമാക്കി.