പാങ്ങോട്: പാങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാകാൻ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം.

തർക്കം മൂത്തതോടെ പാർട്ടിയിലെ ഇരു ഗ്രൂപ്പിന്റെയും നേതാക്കളെ ഡി.സി.സി നേതൃത്വം തിരുവനന്തപുരത്ത് ചർച്ചയ്ക്ക് വിളിച്ചു.

എ ഗ്രൂപ്പിലെ ലളിതയെ വൈസ് പ്രസിഡന്റ് ആക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ഐ വിഭാഗത്തിലെ ഷീജയ്ക്ക് സ്ഥാനം നൽകണമെന്നാണ് മറുപക്ഷത്തിന്റെ വാദം.

എന്നാൽ ലളിത, സി.പി.എമ്മിൽ നിന്നും ഷീജ സി.പി.ഐയിൽ നിന്നും അടുത്ത കാലത്ത് കോൺഗ്രസിൽ ചേർന്നവരായതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം മറ്റാർക്കെങ്കിലും നൽകണമെന്ന നിലപാടുള്ളവരുമുണ്ട്.

എ ഗ്രൂപ്പിലെ ഗീതയ്ക്കാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. അതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കോൺഗ്രസ് ഭരിക്കുന്ന എല്ലായിടത്തും ഈ രീതിയാണുള്ളതെന്നും ഇവിടെ എന്തിന് എതിർക്കുന്നവെന്നും ഐ വിഭാഗം ചോദിക്കുന്നു.

നവംബർ രണ്ടിനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് പ്രസി‌ഡന്റ് സ്ഥാനം കോൺഗ്രസും, വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മും പങ്കുവച്ചിരുന്നു.

എൽ.ഡി.എഫിലെ അടപ്പുപാറ വാർഡ് അംഗം ചിത്രകുമാരി സർക്കാർ ജോലി ലഭിച്ച്, രാജിവച്ചതിനെ തുടർന്ന് സെപ്തംബർ 16ന് അടപ്പുപാറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി തോറ്റു. തുടർന്ന് അവിശ്വാസ പ്രമേയത്തിൽ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. എസ്.ഡി.പി.ഐയുടെ മൂന്ന് പേരും വെൽഫെയർ പാർട്ടിയിലെ ഒരംഗവും കോൺഗ്രസിനൊപ്പം പ്രമേയത്തെ അനുകൂലിച്ചിരുന്നു.