
തിരുവനന്തപുരം: മാസങ്ങൾക്ക് മുമ്പ് പിതൃസഹോദരന്റെ ക്രൂരപീഡനത്തിനിരയായതിനെ തുടർന്ന് തിരുമലയിൽ കഴിഞ്ഞദിവസം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു. ഗുരുതര പൊള്ളലിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച രാത്രി 9 ഓടെയാണ് പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയത്. ചപ്പാത്തികല്ല് വിൽക്കാനായി ഡൽഹിയിൽ നിന്നെത്തിയ നാടോടി സംഘത്തിലെ അംഗമാണ് പെൺകുട്ടി. റോഡരികിലെ ടെന്റിന് സമീപം പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇളയച്ഛൻ പീഡിപ്പിച്ചതായി വ്യക്തമായത്. മാസങ്ങളായി ഇളയച്ഛന്റെ പീഡനത്തിനിരയാകേണ്ടിവന്ന പെൺകുട്ടി മാനസികമായി തകർന്നുകഴിയുകയായിരുന്നുവെന്ന് അവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കളുടെ മൊഴിപ്രകാരം പോക്സോ നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവരം മജിസ്ട്രേറ്റിന് കൈമാറുകയും മജിസ്ട്രേറ്രെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.